കാസര്‍കോട്: റെയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കള സ്വദേശിയും ഷാനു ബസിന്റെ ഡ്രൈവറുമായ മുഹമ്മദ് ശിഹാബാ(26)ണ് അക്രമത്തിന് ഇരയായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപം ബസ് എത്തിയപ്പോള്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തുണ്ടായിരുന്ന ഒരുസംഘം ആളുകള്‍ ബസില്‍ കയറി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് ശിഹാബ് പറയുന്നു. ബസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് വിവരം. ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറയുകയും ചെയ്ത സംഘം പിന്നീട് അക്രമം നടത്തുകയായിരുന്നു. മുഖത്തും പുറത്തും അടിച്ചും വയറ്റത്ത് ചവിട്ടിയും പരിക്കേല്‍പ്പിച്ചതായി ശിഹാബ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ ശിഹാബ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.







