നാരായണന്‍ പേരിയ
പ്രവേശനം പിന്‍വാതിലിലൂടെ -അധികാരം കൈയാളുന്നവരുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും അല്ലെങ്കില്‍ കോഴ എന്ന കൈക്കൂലി കൊടുക്കുന്നവര്‍ക്ക്. കൂടക്കൂടെ കേള്‍ക്കാറുള്ള ആരോപണം.
നിയമനാര്‍ഹരല്ലാത്ത അയോഗ്യര്‍ക്ക് നിയമനം നല്‍കുക. ഉദ്യോഗക്കയറ്റത്തിന്റെ കാര്യവും ഇങ്ങനെ തന്നെ. അപ്പോള്‍, യോഗ്യതയുള്ളവര്‍ അവഗണിക്കപ്പെടും;യോഗ്യതയുണ്ടായിട്ടും പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ.
ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും, രണ്ട് പതിറ്റാണ്ടുമുമ്പ് നമ്മുടെ നാട്ടില്‍ നടന്ന പിന്‍വാതില്‍ നിയമന മാമാങ്കം. ജില്ലാ സഹകരണ ബാങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. വിജ്ഞാപനത്തില്‍ പറഞ്ഞ മിനിമം യോഗ്യതയും അതിനപ്പുറമുള്ളവര്‍ പ്രതീക്ഷയോടെ അപേക്ഷിച്ചു.പരീക്ഷ നടത്തി. ആയിരക്കണക്കിന് അപേക്ഷകര്‍ പരീക്ഷയെഴുതി. നിയമനോത്തരവ് കാത്തു നിന്നവര്‍ ഒരു വിവരമറിഞ്ഞു. നിയമനം പൂര്‍ത്തിയായി പോലും. അതെങ്ങിനെ? ആരെയാണ് നിയമിച്ചത്? എന്ത് മാനദണ്ഡപ്രകാരം?
ബാങ്ക് ഭരിക്കുന്നവരെ, കാണേണ്ട രീതിയില്‍ കണ്ട് കൊടുക്കേണ്ടത് കൊടുത്തവര്‍ക്കെല്ലാം ജോലി കിട്ടി. യോഗ്യതാനുസരണം നിയമനം ലഭിക്കാന്‍ അവകാശമുള്ളവര്‍ പുറത്ത്. പുറത്തു നില്‍ക്കേണ്ടിവന്നവരില്‍ ചിലര്‍ കോടതിയെ സമീപിച്ചു. അവിഹിതമായി നിയമിക്കപ്പെട്ടവരെയെല്ലാം കോടതി പുറത്താക്കി. അവരില്‍ച്ചിലര്‍ അപ്പീല്‍ ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിച്ചു. കോടതി കേസ് കേട്ട ശേഷം പറഞ്ഞു: പിന്‍വാതിലിലൂടെ അകത്ത് കയറിയവര്‍ പിന്‍വാതിലിലൂടെത്തന്നെ പുറത്തു കടക്കുക. അവര്‍ യാതൊരു വിധത്തിലുള്ള സഹതാപവും ആനുകൂല്യവും അര്‍ഹിക്കുന്നില്ല.
കോഴവാങ്ങി അനര്‍ഹര്‍ക്ക് നിയമനം നല്‍കിയവര്‍ ശിക്ഷിക്കപ്പെട്ടില്ല; രാഷ്ട്രീയം എന്ന അഭയസ്ഥാനമുണ്ടല്ലോ അവരെ കാക്കാന്‍.
അധികാരത്തിന്റെ ബലത്തില്‍ എന്ത് അന്യായവും അവിഹിതവും ചെയ്യുക എന്നത് ഇക്കാലത്ത് തുടങ്ങിയതല്ല, പണ്ട് ത്രേത്രായുഗത്തിലുമുണ്ടായിരുന്നു. വാല്‍മീകി രാമായണം ഉദാഹരിക്കാം. അയോധ്യാധിപതി ദശരഥന് മൂന്ന് ഭാര്യമാര്‍. അവരില്‍ നാല് പുത്രന്മാര്‍. സീമന്തപുത്രന്‍ രാമനെ (കൗസല്യയില്‍ പിറന്നവന്‍) യുവരാജാവായി പട്ടാഭിഷേകം നടത്താന്‍ ഒരുക്കം കൂട്ടി, രണ്ടാം ഭാര്യ കൈകേയി പിണങ്ങി. തന്റെ മകനെ യുവരാജാവാക്കും എന്ന വാഗ്ദാനം പാലിക്കണം. തന്റെ മകന്‍ ഭരതന്‍ സിംഹാസനത്തിലിരിക്കണം. രാമന്‍ പതിനാല് വര്‍ഷം വനത്തില്‍ വസിക്കണം.
കൈകേയിയുടെ പിണക്കം തീര്‍ത്ത് അനുനയിപ്പിക്കാനായി ദശരഥ രാജാവ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് ഇതായിരുന്നു. വധ്യനായ ആരെയാണ് അവധ്യനാക്കേണ്ടത്? ഏത് അവധ്യനെയാണ് വധ്യനാക്കേണ്ടത്? (വധ്യന്‍- വധിക്കപ്പെടേണ്ടവന്‍. അവധ്യന്‍- വധിക്കപ്പെടേണ്ടവന്‍ അല്ലാത്തവന്‍). വധശിക്ഷാര്‍ഹമായ കുറ്റം ചെയ്തവനായാലും കൈകേയി പറഞ്ഞാല്‍ കുറ്റവിമുക്തനാക്കി വെറുതേ വിടും. നേരെ മറിച്ചും ചെയ്യും.(വാല്മീകി രാമായണം- അയോധ്യാകാണ്ഡം).
കൊലക്കേസ് വിചാരണയും ഇരുഭാഗം അഭിഭാഷകരുടെ വാദപ്രതിവാദങ്ങളും തെളിവുപരിശോധനയും പൂര്‍ത്തിയായി. വിധി പ്രഖ്യാപനം മാത്രം ബാക്കി. ന്യായാധിപന്‍ സ്വന്തം ഭാര്യയോട് അഭിപ്രായം ചോദിച്ചിട്ടാണോ വിധിയെഴുതുക? അതുപോലെയല്ലേ ദശരഥന്റെ നിലപാട്?
പിന്‍വാതില്‍ നിയമനത്തിന്റെ കാര്യത്തിലേക്ക് മടങ്ങാം! താഴെത്തട്ടില്‍ മാത്രമാണ് ഇമ്മാതിരി അവിഹിത നിയമനങ്ങള്‍ നടക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. സുപ്രീംകോടതിയുടെ വിമര്‍ശനം ശ്രദ്ധിക്കുക.
‘ജനാധിപത്യ സര്‍ക്കാരിന് ഇപ്പോഴും കൊളോണിയല്‍ ചിന്താഗതി’. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെക്കുറിച്ചാണ് കോടതിയുടെ നിരീക്ഷണം. ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥന്മാരുടെ ഭാര്യമാരെ സഹകരണ സ്ഥാപനങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും ‘എക്‌സ് ഒഫീഷ്യോ’ അംഗങ്ങളായി നിയമിക്കുന്നു. ഈ ദുഷ്പ്രവണതയെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നിര്‍ബാധം ഇത് തുടരുന്നു.
രണ്ടുമാസത്തിനുള്ളില്‍ ഇത് അവസാനിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി- ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജ. ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. യുപിയിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള പദവികളില്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേട്ട് (കളക്ടര്‍) തുടങ്ങിയ ഉന്നതാധികാരികളുടെ ഭാര്യമാരെ നിയമിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ജനാധിപത്യ തത്വങ്ങളുമായി ഒരു വിധത്തിലും യോജിച്ചു പോകാത്ത രീതിയാണിത്.
ബുലന്ദ്ശഹറിലെ വനിതാ സ്വയം സഹായസംഘം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. ജില്ലാ മജിസ്‌ട്രേട്ടിന്റെ ഭാര്യയെ സഹകരണ സംഘത്തിന്റെ പ്രസിഡണ്ടായി നിയമിച്ചതിനെതിരെയായിരുന്നു കേസ്. തെറ്റായ നടപടി ഉടനെ തിരുത്തും എന്ന് ഉറപ്പു നല്‍കിയ സര്‍ക്കാര്‍ രണ്ട് മാസത്തെ സമയം വേണമെന്ന് അഭ്യര്‍ത്ഥിച്ചു. കോടതി സമ്മതിച്ചു. അനുവദിച്ച കാലാവധി തീരുമ്പോള്‍ നോക്കാം, ആരെങ്കിലും പിന്‍വാതില്‍ വഴി കയറിക്കൂടിയവര്‍ അകത്തു തന്നെ പറ്റിക്കൂടിയിരിക്കുന്നുണ്ടോ എന്ന്.
നിയമവിരുദ്ധ നടപടികള്‍ക്കു മൗനാനുവാദം നല്‍കിയ ജില്ലാ ഭരണാധികാരികളെ വെറുതേ വിടാന്‍ പാടുണ്ടോ, യുവര്‍ ഓണര്‍?
ജില്ലാ കളക്ടറടക്കം പിന്‍വാതില്‍ നിയമനത്തിന് അനുകൂലം!
ഭാര്യമാരുടെ ‘തലയണമന്ത്രം’ കേള്‍ക്കാതിരിക്കുന്നതെങ്ങനെ എന്ന് ആരെങ്കിലും ബോധിപ്പിച്ചുവോ?







