മുംബൈ: ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. വ്യാഴാഴ്ച പന്‍വേല്‍-സിഎസ്എംടി ട്രെയിനില്‍ ആണ് സംഭവമുണ്ടായത്. സംഭവത്തില്‍ പന്‍വേല്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) പ്രതി ഷെയ്ഖ് അക്തര്‍ നവാസിനെ അറസ്റ്റ് ചെയ്തു.
ന്യൂ പന്‍വേലിലെ ഉസര്‍ലി ഗ്രാമത്തില്‍ നിന്നുള്ള ശ്വേത മഹാദിക് ആണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി. കോളജിലേക്കുള്ള യാത്രയിലായിരുന്നു ശ്വേതയും സുഹൃത്തും. രാവിലെ എട്ടുമണിയോടെ
പന്‍വേല്‍-സിഎസ്എംടി ട്രെയിനിന്റെ ലേഡിസ് കംപാര്‍ട്‌മെന്റിലാണ് ഇരുവരും കയറിയത്. ഇതേ സ്റ്റേഷനില്‍ നിന്നാണ് പ്രതി നവാസും കയറിയിരുന്നു. ഇതു കണ്ട സ്ത്രീ യാത്രക്കാര്‍ എതിര്‍ക്കുകയും ട്രെയിന്‍ എടുക്കുന്നതിന് മുന്‍പു തന്നെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ നവാസ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ വാക്കുതര്‍ക്കത്തിനിടെ കോച്ചിന്റെ ഫുട്‌ബോര്‍ഡിന് സമീപം നില്‍ക്കുകയായിരുന്ന ശ്വേതയെ നവാസ് പുറത്തേക്കുതള്ളിയിടുകയായിരുന്നു. പന്‍വേല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെവച്ചായിരുന്നു സംഭവം. സഹയാത്രികര്‍ ഉടന്‍ റെയില്‍വേയുടെ ഹെല്‍പ് ലൈനില്‍ വിളിച്ചു. പൊലീസ് ട്രാക്കിലൂടെ നടന്ന് എത്തും മുമ്പ് നാട്ടുകാര്‍ ശ്വേതയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഭാഗ്യത്തിന് വലിയ പരിക്കൊന്നും ശ്വേതയ്ക്ക് ഉണ്ടായിരുന്നില്ല. ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ പൊലീസ് നവാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് പറയുന്നത്. തനിക്ക് വീടില്ലെന്നും ഖാര്‍-ബാന്ദ്ര റോഡ് പ്രദേശത്താണ് താമസിക്കുന്നതെന്നുമാണ് നവാസ് പൊലീസിനോട് പറഞ്ഞത്.
പന്‍വേല്‍ സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് പൊലീസ്.







