ഉള്ളാള്‍: കൊട്ടേക്കര്‍ കൊണ്ടാനയില്‍ കായിക അധ്യാപകനെ വീട്ടു കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരിങ്കണ ഗവ. കല്ലറകൊടി സ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ പ്രഭാകര്‍ ജോഗി(51)യാണ്
മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രഭാകര്‍ ഉച്ചില സ്‌കൂളില്‍ മകളെ വിട്ടിട്ട് വീട്ടിലേക്ക് മടങ്ങി വന്നിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ഭാര്യയെയും മകനെയും കൂട്ടി സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ പ്രഭാകറിനെ കാണാതാവുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രഭാകര്‍ ജോഗിക്ക് നാഡീസംബന്ധമായ അസുഖം ബാധിച്ചിരുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാകാം ആത്മഹത്യ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നു. പ്രഭാകറിന്റെ മകന്‍ സായ് തേജസ് പൊലീസില്‍ നല്‍കിയ പരാതിയില്‍ സംശയം ഇല്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഉള്ളാള്‍ താലൂക്കിലെ നിരവധി സ്‌കൂളുകളില്‍ പ്രഭാകര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.







