മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി റൂം ബുക്കിങ്ങിന്റെ പേരിൽ നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ആൽവാർ ജില്ലയിലെ ദഖാപുരിയിൽ താമസിക്കുന്ന നാസിർ ഹുസൈനെ(21)യാണ് കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ബുക്കിംഗ് രസീതികൾ നൽകി ഭക്തരിൽ നിന്ന് പണം പിരിച്ചെടുത്തതായി മൂകാംബിക ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് കുന്ദാപുര ഡിവൈഎസ്പി എച്ച്ഡി കുൽക്കർണിയുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബൈന്ദൂർ സർക്കിൾ ഇൻസ്പെക്ടർ ശിവകുമാർ ബി, കുന്ദാപുര റൂറൽ സർക്കിൾ സിപിഐ സന്തോഷ് എ. കൈക്കിനിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.വിശദമായ അന്വേഷണത്തിനൊടുവിൽ, പ്രതി രാജസ്ഥാനിലാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ പിടികൂടിയ ശേഷം തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ലാപ്‌ടോപ്പും പിടിച്ചെടുത്തു. ബൈന്ദൂർ കോടതിയിൽ ഹാജരാക്കിയ നാസിർ ഹുസൈനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.







