കാസര്‍കോട്: സംസ്ഥാനത്തെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ബേക്കല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവിധായകന്‍ മണിരത്‌നം, സിനിമാനടി മനീഷ കൊയ്‌രാള, ഛായാഗ്രഹന്‍ രാജീവ് മേനോന്‍ എന്നിവര്‍ക്കൊപ്പം മന്ത്രി ഭദ്രദീപം കൊളുത്തി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
മലബാറില്‍ ടൂറിസം വളര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ബേക്കല്‍ കേന്ദ്രീകരിച്ചു ആരംഭിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പഴയതും പുതിയതുമായ സിനിമ ലൊക്കേഷനുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഉയര്‍ത്തികൊണ്ടുവരുന്നതിന് സിനിമ-ടൂറിസം പദ്ധതിക്ക് സാധിക്കുമെന്നു അദ്ദേഹം പ്രത്യാശിച്ചു. സിനിമ ടൂറിസം എന്ന ആശയം 2023ല്‍ മണിരത്‌നത്തെ അറിയിക്കുകയും അതിന്റെ ഭാഗമായി അദ്ദേഹം തന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തുകയും ബോംബെ എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. 1995ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന വിഖ്യാത ചലച്ചിത്ര കേരളത്തിലെയും ബേക്കലിലെയും ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നു മന്ത്രി പറഞ്ഞു.
ബേക്കല്‍ കോട്ടയില്‍ ചിത്രീകരണം നടത്തിയ ബോംബെ സിനിമയുടെ സംവിധായകന്‍ മണിരത്‌നം, നായിക മനീഷകൊയ്‌രാള, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. മന്ത്രി വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം നല്‍കി
ബോംബെയിലെ പ്രശസ്തമായ ‘ഉയിരേ’ ഗാനത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ച ബേക്കല്‍ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം, പ്രദേശത്തെ സിനിമടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ എം.എല്‍.എമാരായ എം. രാജാഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, മുന്‍ എംപി. പി കരുണാകരന്‍, രാഷ്ട്രീയ പ്രതിനിധികളായ ഹക്കിം കുന്നില്‍, കെ ഇ എ ബക്കര്‍, ഹമീദ് ഹാജി പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡി, ബേബി ബാലകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു.






