കാസര്‍കോട്: കോട്ടിക്കുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ശനിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സംഭവം. റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്ത് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ചാണ് അട്ടിമറിക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ ഉടന്‍ സ്ഥലത്തെത്തി സ്ലാബ് നീക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ ഫെസ്റ്റ് ആരംഭിച്ച ദിവസമുണ്ടായ സംഭവം അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കോട്ടിക്കുളത്ത് അട്ടിമറി ശ്രമം ഉണ്ടായിരുന്നു. ട്രാക്കില്‍ മരത്തടി കയറ്റി വച്ചാണ് അന്നു അട്ടിമറിക്ക് ശ്രമിച്ചത്. നേരത്തെ ട്രാക്കില്‍ ചെറിയ കരിങ്കല്ലു ചീളുകള്‍ നിരത്തി വച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കോണ്‍ക്രീറ്റ് സ്ലാബ് കയറ്റി വച്ച സംഭവം ആദ്യമായാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







