കണ്ണൂര്‍: മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്‌കോര്‍പിയോയെ ഥാര്‍ വാഹനം ഉപയോഗിച്ച് വലിച്ചു കയറ്റിയ ഡല്‍ഹിയില്‍ നിന്നുള്ള യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാറാണ് മണലില്‍ കുടുങ്ങിയത്.
പത്തോളം പേര്‍ ചേര്‍ന്ന് ടയറുകള്‍ക്ക് ചുറ്റും മണല്‍ നീക്കം ചെയ്തും മറ്റും വാഹനം തള്ളാന്‍ ഏറെ നേരം പരിശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെയാണ് ആ സമയത്ത് അവിടെ എത്തിയ യുവതി തന്റെ വാഹനവുമായി സ്‌കോര്‍പിയോയെ പുറത്തെടുക്കാന്‍ ശ്രമിക്കുകയും പ്രയത്‌നം വിജയിക്കുകയും ചെയ്തത്.
ഒരു കയര്‍ ഉപയോഗിച്ച് സ്‌കോര്‍പിയോയെ ഥാറില്‍ ബന്ധിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മണലില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ഇതോടെ അവിടെ കൂടിയവര്‍ കൈയടിച്ചും ആവേശത്തോടെ ആര്‍പ്പുവിളിച്ചും ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയും ആഘോഷിച്ചു. യുവതിയുടെ ചുറ്റും കൂടി നിന്ന് സെല്‍ഫി എടുത്ത് നന്ദി പറഞ്ഞാണ് അവര്‍ പിരിഞ്ഞത്.
ഇന്‍സ്റ്റഗ്രാമിലും റെഡിറ്റിലും പങ്കുവെക്കപ്പെട്ട വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. യുവതിയുടെ ഡ്രൈവിംഗ് മികവിനെയും പരിഭ്രമിക്കാതെ ഇടപെടാനുള്ള കഴിവിനെയും അപരിചിതരെ സഹായിക്കാനുള്ള മനസ്സിനെയും ആളുകള്‍ പ്രശംസിച്ചു. ‘എന്തൊരു സ്ത്രീ!’, ‘അവരെ ഥാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കണം’, ‘ഥാര്‍ കൊണ്ട് ഒരു നല്ല കാര്യം നടക്കുന്നത് ഇതാദ്യമായി കണ്ടു’ എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്.







