കാസര്‍കോട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, കുന്നുപാറയിലെ കരിപ്പാടക്കന്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ പി. രമിത്ത് (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കാണപ്പെട്ട രമിത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രജിതയാണ് മാതാവ്. സഹോദരി: റിതിക.
പഠനത്തില്‍ മിടുക്കനും ചെസ് താരവുമായ രമിത്തിന്റെ മരണം നാടിനെയും സ്‌കൂളിനെയും കണ്ണീരിലാഴ്ത്തി. രമിത്തിനോടുള്ള ആദരസൂചകമായി സ്‌കൂളിനു ശനിയാഴ്ച അവധി നല്‍കി.
അഞ്ചു ദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ ജീവനൊടുക്കുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് രമിത്ത്. പെരിയ, കാലിയടുക്കത്തെ കമലാക്ഷന്റെ മകനും കല്യോട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ വൈശാഖി(17)നെ വ്യാഴാഴ്ച രാവിലെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
ബെള്ളൂര്‍, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ പ്രജ്വലി(14)നെ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് കിടപ്പു മുറിയിലെ ഹുക്കില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രജ്വലിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
അതേ സമയം ദേശീയ തലത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായാണ് ഔദ്യോഗിക നിരീക്ഷണം. കേന്ദ്ര സര്‍വ്വകലാശാലകളില്‍ പോലും വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരുന്നതായും പറയുന്നു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം എത്തിയിരുന്നു.






