കാസര്‍കോട്: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി. നീലേശ്വരം സ്വദേശിയായ 80 കാരനാണ് തട്ടിപ്പിനിരയായത്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയിന്മേല്‍ കാസര്‍കോട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിസംബര്‍ നാലിനും 15നുമിടയിലുള്ള ദിവസങ്ങളില്‍ മൂന്നു തവണകളായാണ് പണം തട്ടിയെടുത്തത്. പൊലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടില്‍ നിന്ന് പണം പോയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം ഡോക്ടര്‍ക്കു മനസ്സിലായതെന്നു പറയുന്നു. എന്നാല്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു. തട്ടിപ്പുകാര്‍ ഏതു വിധത്തിലും വരുമെന്നും ഇത്തരം തട്ടിപ്പുകാര്‍ വിളിക്കുകയാണെങ്കില്‍ ഉടന്‍ വിവരം സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേ സമയം ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേന പണം തട്ടുന്ന അന്താരാഷ്ട്ര സംഘത്തിനു കാസര്‍കോട് ജില്ലയില്‍ റിക്രൂട്ടിംഗ് ഏജന്റുമാര്‍ ഉള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഏജന്റുമാര്‍ നല്‍കുന്ന ഫോണ്‍ നമ്പരുകളിലാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്.






