കണ്ണൂർ:തളിപ്പറമ്പ , കുറ്റ്യേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. ബി.ജെ.പി കുറ്റ്യേരി ഏരിയാ പ്രസിഡണ്ട് നടുവയലിലെ വി.പി.കുഞ്ഞിരാമന്റെ ഓട്ടോറിക്ഷയാണ് വെള്ളിയാഴ്ച രാത്രി തകര്‍ത്തത്. വീടിന് മുന്നിൽ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. ശനിയാഴ്ച രാവിലെ ഓട്ടോയെടുക്കാന്‍ എത്തിയപ്പോഴാണ് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കുറ്റ്യേരി വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു കുഞ്ഞിരാമന്‍. ചരിത്രത്തിലാദ്യമായി തദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഈ വാർഡിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. വോട്ടെടുപ്പ് ദിവസം പനങ്ങാട്ടൂര്‍, മാവിച്ചേരി ബൂത്തുകളില്‍ ബി.ജെ.പിയുടെ ഏജന്റുമാര്‍ ഇരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം മാവിച്ചേരി വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം കൊലവിളി മുദ്രാവാക്യവും നടന്നിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങുനി. കെ.കെ.ഹരിദാസ്, സനീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ തളിപ്പറമ്പ പൊലീസില്‍ പരാതി നല്‍കി.







