ധാക്ക: കലാപം തുടരുന്ന ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളിയെ മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേരെ അറസ്റ്റുചെയ്തു. മൈമന്‍സിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെയാണ് കലാപത്തിനിടെ ആള്‍ക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്.
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാര്‍ഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാന്‍ ഹാദി (32) മരിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഫെബ്രുവരി 12ന് രാജ്യത്ത് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ കഴിഞ്ഞയാഴ്ച തലയ്ക്കു വെടിയേറ്റ് സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെയാണ് ഹാദി മരിച്ചത്.
ബംഗ്ലാദേശിലെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോയുടെയും ഡെയ്ലി സ്റ്റാറിന്റെയും ഓഫിസുകളില്‍ കലാപകാരികള്‍ അക്രമം നടത്തുകയും തീവയ്ക്കുകയും ചെയ്തു. ഇതോടെ സ്ഥാപനം അടയ്‌ക്കേണ്ടിവന്നു. ഓണ്‍ലൈന്‍ എഡിഷന്റെ പ്രവര്‍ത്തനം 17 മണിക്കൂര്‍ തടസ്സപ്പെട്ടു. 150 കംപ്യൂട്ടറുകളും, പണവും, ജീവനക്കാരുടെ വസ്തുക്കളും കൊള്ളയടിച്ചു.
ആദ്യനില മുതല്‍ മൂന്നാം നിലവരെ ഒന്നും അവശേഷിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ ബംഗ്ലാദേശില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഹമ്മദ് യൂനിസ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം നിയന്ത്രിക്കാനായി പൊലീസും സുരക്ഷാസേനകളും ധാക്കയുള്‍പ്പെടെ ബംഗ്ലാദേശിലെ വിവിധ നഗരങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.







