പയ്യന്നുർ: ഭാര്യയെ കരയ്ക്ക് നിർത്തി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കയ്യൂർ ഉദയഗിരിയിലെ ഇ കെ അനിൽകുമാർ (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിലാണ് സംഭവം. ഭാര്യ ഷീബക്കൊപ്പം ആണ് അനിൽകുമാർ ക്ഷേത്രത്തിൽ എത്തിയത്. ദർശനത്തിനുശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോവുകയായിരുന്നു. ഭാര്യയെ കരയ്ക്ക് നിർത്തി അനിൽകുമാർ കുളത്തിൽ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന അനിൽകുമാറിനെ കാണാതായി. യുവതിയുടെ ബഹളം കേട്ട് പരിസരത്തുണ്ടായവർ യുവാവിനെ രക്ഷപ്പെടുത്താൻ കുളത്തിൽ ഇറങ്ങി. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും എത്തി. രാത്രി എട്ടു മണിയോടെ അനിലിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരേതരായ ഇ കെ പ്രഭാകരന്റെയും പുഷ്പവല്ലിയുടെയും മകനാണ്. സഹോദരങ്ങൾ: ബിന്ദു, പരേതയായ ഊർമിള.







