തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറി പൊട്ടിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലൊന്നിൽ നിശ്ചയിച്ചതിലും നേരത്തെ ചോദ്യപേപ്പർ പാക്കറ്റ് തുറന്നതാണ് പരീക്ഷ റദ്ദാക്കാൻ കാരണമായത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കും. മറ്റ് പരീക്ഷകളുടെ ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.







