മുംബൈ: വിമാനത്താവളത്തില്‍വച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കുമെതിരെ വ്യാപക സൈബറാക്രമണം. മുംബൈ വിമാനത്താവളത്തിലെത്തിയ കോലിയും അനുഷ്‌കയും പുറത്തേയ്ക്കു നടന്നു വരുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രാജസ്ഥാനിലെ വരാ ഘട്ടിലുള്ള വൃന്ദാവന്‍ ആശ്രമത്തില്‍ ആത്മീയഗുരുവായ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു കോലിയും അനുഷ്‌കയും.
കോലി പുറത്തേയ്ക്കു നടക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ ഒരു ആണ്‍കുട്ടി സെല്‍ഫിയെടുക്കാന്‍ താരത്തിന്റെ മുന്നിലേക്കു വരുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെട്ട് തള്ളിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കോലി ഇതൊന്നും ശ്രദ്ധിക്കാതെ കാറില്‍ കയറി. പിന്നാലെ അനുഷ്‌ക ശര്‍മയും എത്തി.
ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സൈബറാക്രമണം ആരംഭിച്ചത്. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ കുറച്ചുകൂടി സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്‍, ഭിന്നശേഷിക്കാരനായ കുട്ടിയെ തള്ളിമാറ്റുകയും കുട്ടിയുടെ കൈ താരത്തിന്റെ ശരീരത്തില്‍ തട്ടുകയും ചെയ്തിട്ടു പോലും താരം ഒന്നു നോക്കാന്‍ പോലും തയാറാകാത്തതിനെയാണ് പലരും വിമര്‍ശിക്കുന്നത്.
‘സെല്‍ഫി എടുത്തും ഓട്ടോഗ്രഫ് ഒപ്പിട്ടും അവര്‍ മടുത്തെന്ന് എനിക്ക് മനസ്സിലാകും. എന്നാല്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയോട് ഇത്ര അവഗണന കാണിക്കുന്നത് തെറ്റാണ്. കുട്ടിയുടെ അഭ്യര്‍ഥന മാന്യമായി നിരസിക്കാമായിരുന്നു. എന്നാല്‍ ഒരു കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിമാറ്റുന്നതു തടയാനോ ഇടപെടാനോ പോലും ശ്രമിക്കാതിരുന്നത് ക്രൂരതയാണ്.’ എന്നുള്ള വിമര്‍ശനവും ഉയരുന്നുണ്ട്.
‘പ്രശസ്തരുടെ തനിസ്വഭാവമാണ് ഇത്. നിങ്ങള്‍ അവരുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ 24 മണിക്കൂറും അവര്‍ക്കു വേണ്ടി വാദിക്കുന്നു. പക്ഷേ അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല.’ എന്നാണ് മറ്റൊരു കമന്റ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ലണ്ടനിലേക്കു മടങ്ങിയ വിരാട് കോലി, കഴിഞ്ഞയാഴ്ചയാണ് അനുഷ്‌കയുമൊത്ത് വീണ്ടും ഇന്ത്യയിലെത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനു വേണ്ടിയാണ് താരമെത്തിയതെന്നാണ് വിവരം.







