കാര്‍വാര്‍: കര്‍ണാടകയിലെ കാര്‍വാര്‍ തീരത്ത്, ഐഎന്‍എസ് കദംബ നാവിക താവളത്തിന് സമീപം, ചൈനീസ് നിര്‍മ്മിത ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ഒരു ദേശാടന കടല്‍ക്കാക്കയെ കണ്ടെത്തി. ഇത് നാട്ടുകാരില്‍ കൗതുകവും അതുപോലെ സംശയവും ഉണര്‍ത്തി. ഉത്തര കന്നഡ ജില്ലയിലെ തിമ്മക്ക ഗാര്‍ഡന് സമീപമാണ് പരിക്കേറ്റ നിലയില്‍ പക്ഷിയെ കണ്ടെത്തിയത്. പരിശോധനയില്‍ പക്ഷിയുടെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന അസാധാരണമായ ഉപകരണം കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ വിവരം വനം വകുപ്പിന്റെ മറൈന്‍ ഡിവിഷനെ അറിയിച്ചു.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം, ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ പെട്ടതാണ് ജിപിഎസ് ട്രാക്കര്‍ എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കടല്‍ക്കാക്കകള്‍ പോലുള്ള ദേശാടന പക്ഷികളുടെ ചലന രീതികള്‍, ഭക്ഷണ സ്വഭാവം, ദേശാടന വഴികള്‍ എന്നിവ പഠിക്കാന്‍ ഗവേഷകര്‍ സാധാരണയായി ഇത്തരം ട്രാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജിപിഎസ് ട്രാക്കറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് കാര്‍വാറിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദീപന്‍ എംഎന്‍ പറഞ്ഞു. ‘വനം വകുപ്പിന്റെ തീരദേശ മറൈന്‍ സെല്‍ പക്ഷിയെ കണ്ടെത്തി, നിലവില്‍ അന്വേഷണം നടത്തുകയാണ്. ഞങ്ങള്‍ ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്,’ – അദ്ദേഹം പറഞ്ഞു.
പ്രാഥമിക നിഗമനത്തില്‍ ഉപകരണം ഒരു ഗവേഷണ പദ്ധതിയുടെ ഭാഗമാകാമെന്നും ചാരവൃത്തി ശ്രമത്തിന്റെ സൂചനകളൊന്നുമില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നിരുന്നാലും, മറ്റ് സാധ്യതകള്‍ തള്ളിക്കളയാതെ ജിപിഎസ് ഉപകരണം സാങ്കേതിക പരിശോധനയ്ക്ക് അയയ്ക്കും.
പക്ഷിയെ കണ്ടെത്തിയത് ഒരു സുപ്രധാന സ്ഥലത്തുനിന്നായതും സംശയത്തിന് ഇടനല്‍കുന്നു. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ഇന്‍സ്റ്റാളേഷനുകളില്‍ ഒന്നായ ഐഎന്‍എസ് കദംബ നാവിക താവളത്തിലാണ് പക്ഷിയെ കണ്ടെത്തിയത്. വിമാനവാഹിനിക്കപ്പലുകളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള പ്രധാന യുദ്ധക്കപ്പലുകള്‍ ഇവിടെയാണ് നങ്കൂരമിട്ടിട്ടുള്ളത്. നടന്നുകൊണ്ടിരിക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ കിഴക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നാവിക താവളമായിരിക്കും ഐഎന്‍എസ് കദംബ.
ഈ മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. 2024 നവംബറില്‍, കാര്‍വാറിലെ ബൈത് കോള്‍ തുറമുഖത്തിന് സമീപം ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ഒരു യുദ്ധ കഴുകനെ കണ്ടെത്തിയിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയില്ല. അന്വേഷണത്തില്‍ വന്യജീവി ഗവേഷണവുമായി ബന്ധപ്പെട്ടതാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.







