കാസര്‍കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ ചൊല്ലി ഷിറിയയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. ബുധനാഴ്ച രാത്രി ഉണ്ടായ സംഭവത്തില്‍ കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇരുപക്ഷത്തെയും രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഘര്‍ഷത്തിനു തുടക്കമായതെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഷിറിയ പള്ളിക്കു സമീപത്ത് കാര്‍ നിര്‍ത്തിയിറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഷിറിയ നൗഫല്‍ മന്‍സിലിലെ മുഹമ്മദ് ഇക്ബാലി(38)നെ ഇരുമ്പു വടി കൊണ്ട് അടിക്കുകയും ചാവി കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് പരാതി. ഈ കേസില്‍ സിദ്ദിഖ് മുഹമ്മദ്, അഷ്‌റഫ് അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
അതേ സമയം രാത്രി എട്ടരയോടെ പ്രവര്‍ത്തകരായ ഷിറിയ അഷ്‌റഫ് മന്‍സിലിലെ മുഹമ്മദ് അഷ്‌റഫ് (45), കുഞ്ഞാലി മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ അക്രമിക്കുകയും കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായ ഷിറിയയിലെ ഇക്ബാല്‍, ഹമീദ് ചോട്ടു എന്നിവര്‍ക്കെതിരെയും കുമ്പള പൊലീസ് കേസെടുത്തു. ഹമീദ് ചോട്ടുവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കാറിടിച്ചത് മൂലം പരാതിക്കാരന്റെ കാറിനു അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും കേസില്‍ പറയുന്നു.







