മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഉപ്പള സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൾ റൗഫ് എന്ന മീസ് റൗഫിനെ (48) മംഗളൂരു സിറ്റി പൊലീസ് ആണ് പിടികൂടിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. മംഗളൂരുവിലും കേരളത്തിലുമായി 25 ക്രിമിനൽ കേസുകളിൽ പ്രതിയാണ് റൗഫ്. കാവൂർ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയ കേസും 2020 ൽ കൊണാജെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് വ്യത്യസ്ത മോഷണ കേസുകളും ഉൾപ്പെടെ നിരവധി കേസുകളിൽ റൗഫ് പ്രതിയായിരുന്നു. തുടർച്ചയായി വാദം കേൾക്കലിന് ഹാജരാകാതിരുന്നതിനാൽ റൗഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇസുബു സിയാദ് എന്ന സിയയുടെ അടുത്ത കൂട്ടാളിയാണ് ഇയാൾ. കൊലപാതകശ്രമം, കവർച്ച, മോഷണം, ആയുധ നിയമ ലംഘനം എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട റൗഫിനെതിരെ മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി 19 കേസുകൾ നിലവിലുണ്ട്. മംഗളൂരു സിറ്റിയിൽ ആറ് കേസുകളും നിലവിലുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. എഎസ്ഐ ചന്ദ്രശേഖർ, ഉദ്യോഗസ്ഥരായ റെജി വിഎം, ദാമോദര കെ, ഹലേഷ് നായക് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.







