ട്രെയിൻ ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാൽ പണമടയ്ക്കണം, നിരക്ക് ഇങ്ങനെ

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും നടപ്പാക്കുക. ‌നിലവില്‍, സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ചാര്‍ജ് അടച്ച് പരമാവധി 70 കിലോഗ്രാം വരെ ലഗേജും അനുവദിക്കും. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോഗ്രാമാണ് സൗജന്യ അലവന്‍സ്, 80 കിലോഗ്രാം വരെയാണ് പരമാവധി പരിധി. എ സി ത്രീ ടയര്‍, ചെയര്‍ കാര്‍ യാത്രക്കാര്‍ക്ക് 40 കിലോഗ്രാം ലഗേജ് സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, എ സി ടു ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോഗ്രാം സൗജന്യ അലവന്‍സും പരമാവധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെ ചാര്‍ജ് അടച്ച് ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും. വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ യാത്രാ കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നായിരുന്നു എംപി വെമിറെഡ്ഡി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം. യാത്രക്കാര്‍ക്ക് പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു റെയില്‍വെ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. ക്ലാസ് തിരിച്ചുള്ള സൗജന്യ അലവന്‍സും പരമാവധി പരിധികളും ഇതിനൊപ്പം മന്ത്രി പങ്കുവച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page