എസ്.ഐ.ആര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നത് 24.95 ലക്ഷം പേര്‍; പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) വഴി പട്ടികയില്‍നിന്നു പുറത്താകുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 24.95 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്താകുന്നത്.
https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പോയി ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാവുന്നതാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും പട്ടിക കൈമാറും. പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിരസിച്ചു.

പുറത്താക്കല്‍ പട്ടികയിലുള്‍പ്പെട്ടവര്‍ ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം : 4,32,259, എറണാകുളം : 3,35,331, തൃശൂര്‍ : 2,54,875, പാലക്കാട് : 1,97,060, കോഴിക്കോട് : 1,94,631, മലപ്പുറം : 1,78,488, കോട്ടയം : 1,66,434, കൊല്ലം : 1,65,905, ആലപ്പുഴ : 1,44,648, ഇടുക്കി : 1,27,426, പത്തനംതിട്ട : 1,01,117, കണ്ണൂര്‍ : 98,840, കാസര്‍കോട് : 60,736, വയനാട്: 37,319

പട്ടിക പരിശോധിക്കാന്‍ ചെയ്യേണ്ടത്;

https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പ്രവേശിക്കുക. ജില്ല, നിയമസഭാ മണ്ഡലം, പാര്‍ട്ട് (ബൂത്ത് നമ്പര്‍) എന്നിവ തിരഞ്ഞെടുക്കുക. ഡൗണ്‍ലോഡ് എ.എസ്.ഡി എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ കണ്ടെത്താം. ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പേര്, ബന്ധുവിന്റെ പേര്, പുറത്താക്കാനുള്ള കാരണം എന്നിവ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മരിച്ചവര്‍, സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍, രണ്ടോ അതില്‍ക്കൂടുതല്‍ തവണയോ പട്ടികയില്‍ പേരുള്ളവര്‍, ഫോം വാങ്ങുകയോ തിരിച്ചു നല്‍കുകയോ ചെയ്യാത്തവര്‍ എന്നിങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങളും രേഖപ്പെടുത്തിയിരിക്കും.

മതിയായ കാരണങ്ങളില്ലാതെ പുറത്താക്കല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇന്നു തന്നെ ബൂത്ത് ലവല്‍ ഓഫിസറെ ബന്ധപ്പെട്ട് എസ്‌ഐആര്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ഫോം പൂരിപ്പിച്ചു നല്‍കി തെറ്റു തിരുത്താന്‍ ഇന്നു വരെയാണ് അവസരം. ഫോം നല്‍കിയാല്‍ 23നു പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതില്‍ ഉള്‍പ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറല്‍ ഓഫിസര്‍മാരുടെ നോട്ടിസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും.

പരാതികളും ആക്ഷേപങ്ങളും ഈ മാസം 23 മുതല്‍ ജനുവരി 22 വരെ ഫോം ആറിനൊപ്പം സത്യവാങ്മൂലം സമര്‍പ്പിച്ച് പേര് ചേര്‍ക്കാം. പ്രവാസി വോട്ടര്‍മാര്‍ക്ക് ഫോം 6എ നല്‍കിയും പേരു ചേര്‍ക്കാം. വിലാസം മാറ്റാനും തെറ്റു തിരുത്താനും ഫോം 8 നല്‍കണം. ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭ്യമാണ്. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരെ ഹിയറിങ്ങിന് വിളിക്കും. ഹിയറിങ്ങിനുശേഷം ഒഴിവാക്കുകയാണെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം.

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരമുണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page