സ്‌നേഹ ബന്ധങ്ങള്‍ക്ക് മുന്നില്‍ മരണഭയമില്ല; 60 അടി ആഴമുള്ള കുഴല്‍ക്കിണറിലേക്ക് അബദ്ധത്തില്‍ വീണ 19കാരിയെ രക്ഷിക്കാന്‍ താഴേക്ക് ചാടി പിതാവ്

അഹമ്മദാബാദ്: 60 അടി ആഴമുള്ള കുഴല്‍ക്കിണറിലേക്ക് അബദ്ധത്തില്‍ വീണ 19കാരിയെ രക്ഷിക്കാന്‍ താഴേക്ക് ചാടി പിതാവ്. അഹമ്മദാബാദിലെ ചാന്ദ്ലോഡിയ പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗജ്രാജ് സൊസൈറ്റിയിലെ ജെയിന്‍ ദെരാസറില്‍ തോട്ടം തൊഴിലാളികളായി ജോലി ചെയ്യുകയാണ് ഇവര്‍.

കഴിഞ്ഞ ദിവസം ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. മകള്‍ അഞ്ജലി സൈനി (19) അബദ്ധത്തില്‍ കാല്‍ വഴുതി ക്ഷേത്ര കവാടത്തിനടുത്തുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. മകള്‍ കിണറിനുള്ളിലേക്ക് വീണതോടെ അവളെ രക്ഷിക്കാനായി പിതാവ് രാജേഷ് സൈനി (45) കിണറിലേക്ക് എടുത്തുചാടി. പക്ഷേ ഇരുവരും കുടുങ്ങിപ്പോയി. അഞ്ചടി വിസ്താരവും 60 അടിയോളം താഴ്ചയുമുള്ള വെള്ളംനിറഞ്ഞ കിണറ്റില്‍ നിന്ന് പുറത്തുകടക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. പ്രദേശവാസികള്‍ കയറുകള്‍ ഉപയോഗിച്ച് അവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കിണറിന്റെ ആഴവും വെള്ളത്തിന്റെ സാന്നിധ്യവും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി.

30 മിനിറ്റോളം കുഴല്‍ക്കിണറിനുള്ളില്‍ കഴിഞ്ഞ അച്ഛനും മകളും മുങ്ങിത്താഴാനുള്ള സാധ്യത മുന്നില്‍ കണ്ട് ഒടുവില്‍ നവരംഗ്പുര ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. നവരംഗ്പുര ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്‌നിരക്ഷാസേനാംഗമായ ഒരാള്‍ കിണറിലേക്ക് ഇറങ്ങി ഓരോരുത്തരെയായി മുകളിലേക്ക് കയറ്റുകയായിരുന്നു. 20 മിനിറ്റിനുള്ളില്‍ രക്ഷപ്രവര്‍ത്തനം പൂര്‍ത്തിയായി.

രണ്ടുപേരെയും ഉടന്‍ തന്നെ സോള സിവില്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കുഴല്‍ക്കിണറിന് നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ക്ഷേത്ര കവാടത്തിനടുത്തായി സ്ഥിതി ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയും വിഷയത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടം നടന്ന സമയത്ത് രാജേഷും അഞ്ജലിയും ക്ഷേത്ര പരിസരത്ത് പതിവ് ജോലികള്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page