സിഡ്‌നി: കിഴക്കന്‍ സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപം നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഉടമയെ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത വളര്‍ത്തുനായുടെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരങ്ങളാണ് വീഡിയോ കണ്ടത്. ഞായറാഴ്ച വൈകുന്നേരം ഹനുക്കയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്.
തോക്കുധാരിയായ സാജിദ് അക്രം ആണ് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതോടെ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊരു ആസൂത്രിത ഭീകരാക്രമണമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇതിനിടെയാണ് സംഭവ സ്ഥലത്തുനിന്നും ഹൃദയഭേദകമായ ഒരു കാഴ്ച കാണാനിടയായത്. വെടിവയ്പ്പിനിടയിലും തന്റെ യജമാനന്റെ ജീവനറ്റ ശരീരത്തെ തനിച്ചാക്കി പോകാന്‍ തയ്യാറാകാത്ത ‘മൗയി’ എന്ന ബെര്‍ണീസ് മൗണ്ടന്‍ ഡോഗ് ആയിരുന്നു അത്. ചുറ്റുമുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടുമ്പോഴും അപകടം വകവയ്ക്കാതെ മൗയി തന്റെ യജമാനന്റെ അരികില്‍ തന്നെ നിന്നു. തന്റെ ഭാര്യയോടും രണ്ട് വളര്‍ത്തുനായ്ക്കളോടുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. അദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മൗയിയുടെ വിശ്വസ്തതയും സ്നേഹവും ആ യജമാനന് കിട്ടിയ ഏറ്റവും വലിയ ആദരമാണെന്ന് നിരവധി പേര്‍ കമന്റുകളില്‍ കുറിച്ചു. സംഭവത്തിന് പിന്നാലെ നായയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെ ആര്‍തര്‍ ആന്‍ഡ് കമ്പനി പെറ്റ് ഡിറ്റക്ടീവുകളുടെ സ്ഥാപകയായ ആന്‍-മാരി കറി, നായയെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാന്‍ സഹായിക്കുന്നതിനായി ഒരു പൊതു കാമ്പെയ്ന്‍ ആരംഭിച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍, മൃഗസംരക്ഷണ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരും അവളെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പങ്കുചേര്‍ന്നു.
തിരച്ചിലിനൊടുവില്‍ മൗയിയെ കണ്ടെത്തുകയും സുരക്ഷിതമായി യജമാനന്റെ ഭാര്യയുടെ അടുത്തെത്തിക്കുകയും ചെയ്തു. വലിയൊരു ദുരന്തത്തിനിടയിലും നായയെ കണ്ടെത്തി എന്ന വാര്‍ത്ത ചെറിയൊരു ആശ്വാസമായി. ബോണ്ടി ബീച്ച് വെടിവെപ്പിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍, ഈ വിശ്വസ്തനായ നായയുടെ ചിത്രം ദുരന്തത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു.







