കാസർകോട്: പട്ടാപകൽ മേൽപ്പറമ്പ് സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തെ കർണാടകയിൽ പിടികൂടി. കർണാടക പൊലീസിന്റെ സഹായത്തോടെ ഹാസൻ സകലേശ് പുരയിൽ വച്ചാണ് സംഘത്തെ വൈകിട്ട് പിടികൂടിയത്. കാസർകോട് ജില്ലാ പൊലീസ് ചീഫിന്റെ വിവരത്തെ തുടർന്ന് കർണാടക പൊലീസും ആന്ധ്ര പൊലീസും തട്ടിക്കൊണ്ടുപോയ വാഹനത്തെ തിരയുകയായിരുന്നു. മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് അഞ്ചംഗ ആന്ധ്ര സ്വദേശികൾ ബുധനാഴ്ച ഉച്ചയ്ക്ക് കാസർകോട് നഗരത്തിൽ വച്ച് തട്ടിക്കൊണ്ടുപോയത്. അശ്വനി നഗറിലെ ഒരു ഹോട്ടലിന്റെ മുന്നിൽ വച്ച് സംഘം ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതുകണ്ട സെക്യൂരിറ്റി ജീവനക്കാരനും നാട്ടുകാരും പൊലീസിനെ വിവരം അറിയിച്ചിരുന്നു. പരാതി ഇല്ലാത്തതിനാൽ പൊലീസ് ആദ്യം മടിച്ചു എങ്കിലും ഗൗരവമുള്ള കേസ് ആയതിനാൽ ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് ജാഗ്രത പാലിച്ചു. തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ ലഭിച്ചതോടെ വിവരം കർണാടക പൊലീസിന് കൈമാറി. ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനിലുള്ള എപി 40 ഇയു 4077 എന്ന നമ്പര്‍ കാറിലാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്. കർണാടക പൊലീസ് പിടികൂടിയ വിവരമറിഞ്ഞ് ടൗൺ പൊലീസും കർണാടകയിലേക്ക് തിരിച്ചു. പുലർച്ചയോടെ സംഘത്തെ കാസർകോട്ട് എത്തിക്കും. വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾ വ്യക്തമാകും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂന്നുദിവസം ആന്ധ്ര സ്വദേശികൾ കാസർകോട്ട് ഉണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ബേക്കൽ സ്വദേശിയായ ശരീഫ് എന്ന ഒരാളും ഹനീഫയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.







