കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രതീഷ്(42) ആണ് പിടിയിലായത്. വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ കെ അജിത യുടെ നേതൃത്വത്തിൽ മലപ്പുറം കുറ്റിപ്പുറത്തുനിന്ന് അതിസമർത്ഥമായി പിടികൂടുകയായിരുന്നു. കാസകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 2020 ലും പിന്നീട് പല പ്രാവശ്യവും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ രാജേഷ്, ദീപക്, സി പി ഒ മാരായ ശ്രുതി, ജെ ഷജീഷ്, സൂരജ് എന്നിവരടങ്ങിയ സംഘ സംഘവും തിരൂർ ഡാൻസഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.







