ദുബായ്: ഇന്ത്യയില്‍ ഒരു പൊതുസ്ഥലത്ത് നിങ്ങളുടെ സാധനങ്ങള്‍ മറന്നു പോകുന്നത് ഒരു പേടിസ്വപ്‌നമാണ്. കാരണം ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് സാധനം വച്ചിരുന്ന സ്ഥലത്തെത്തി പരിശോധിച്ചാല്‍ അത് കണ്ടെത്താനാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ദുബായില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. എത്ര വിലപിടിപ്പുള്ള സാധനം കാണാതായാലും എത്ര മണിക്കൂര്‍ കഴിഞ്ഞ് നോക്കിയാലും അത് അവിടെ തന്നെ കാണും. ഇതിന് തെളിവാണ് ദുബായില്‍ നിന്നുള്ള ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ.
ഈ മാസം ആദ്യമാണ് സംഭവം. ദുബായില്‍ ഒരു സ്ത്രീ പരീക്ഷണത്തിനായി തന്റെ ആഡംബര ഹാന്‍ഡ് ബാഗ് പൊതുജനമധ്യത്തില്‍ ഉപേക്ഷിച്ചു. തിരിച്ചെത്തിയ ശേഷം ആ ബാഗ് അതേ സ്ഥലത്തുണ്ടോ എന്നറിയുകയാണ് അവരുടെ ലക്ഷ്യം. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ഹെര്‍മിസ് ബിര്‍ക്കിന്റെ 25 ലക്ഷം വിലവരുന്ന ബാഗാണ് ഗോള്‍ഡ് സൂക്ക് മേഖലയിലെ ഒരു ബെഞ്ചില്‍ ഉപേക്ഷിച്ചത്. അതിനുശേഷം അവര്‍ ബര്‍ ദുബായിലേക്കും തിരിച്ചും അബ്ര (വാട്ടര്‍ ടാക്‌സി) യാത്ര ചെയ്തു. ഒരു നഗരമെന്ന നിലയില്‍ ദുബായ് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാനായിരുന്നു ഈ പരീക്ഷണം. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ബാഗ് അവിടെ തന്നെ ബാഗ് കണ്ട് യുവതി അത്ഭുതപ്പെട്ടു.
അലിഷ ഹമിറാനി എന്ന യുവതിയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ഞാന്‍ ഒരുലക്ഷം ദിര്‍ഹം വിലയുള്ള എന്റെ ബിര്‍കിന്‍ ബാഗ് ഇവിടെ വയ്ക്കാന്‍ പോവുകയാണ്. ഗോള്‍ഡ് സൂക്കില്‍ നിന്ന് ബര്‍ ദുബായ് വരെ യാത്ര ചെയ്ത ശേഷവും എന്റെ ബാഗ് ഇവിടെ തന്നെ ഇരിക്കുന്നുണ്ടോ എന്ന് നമുക്കു നോക്കാം.’ എന്നായിരുന്നു യുവതിയുടെ പോസ്റ്റ്.
ബോട്ടില്‍ യാത്ര ചെയ്യുമ്പോഴെല്ലാം ബാഗ് അവിടെ ഉണ്ടാകുമോ എന്നാലോചിച്ച് ആശങ്കപ്പെട്ടിരുന്ന കാര്യവും യുവതി പറയുന്നുണ്ട്. യുവതി തിരികെ എത്തിയപ്പോഴും ബാഗ് അവിടെ തന്നെ ഉണ്ട്. ഇതോടെ ആശ്ചര്യപ്പെട്ടുപോയ യുവതി ഇത്തരം സംഭവങ്ങള്‍ ദുബായില്‍ മാത്രം കാണാന്‍ സാധിക്കുന്ന കാര്യമാണെന്ന് പറഞ്ഞു.
യുവതി പങ്കുവച്ച വിഡിയോയ്ക്കു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത് ദുബായില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്ന യുവതിയുടെ പ്രസ്താവനയോട് അവര്‍ പൂര്‍ണമായും യോജിച്ചു. ഞാന്‍ നിരവധി തവണ പാര്‍ക്കുകളിലും സൂപ്പര്‍മാര്‍ക്കറ്റിലും മൊബൈല്‍ മറന്നു വച്ചിട്ടുണ്ട്. അതെല്ലാം തിരിച്ചു കിട്ടിയിട്ടുണ്ട്.’ എന്നാണ് വിഡിയോയ്ക്കു താഴെ ഒരു യുവതി കമന്റ് ചെയ്തത്. ‘നോര്‍വേയിലും ഇങ്ങനെ തന്നെയാണ്. അല്ലെങ്കില്‍ അവര്‍ അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കും’ എന്നാണ് മറ്റൊരു കമന്റ്.







