കാസര്‍കോട്: കള്ളാര്‍ പുഞ്ചക്കരയിലെ കൃഷിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ പെണ്‍ പുള്ളിപ്പുലിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തുടര്‍ന്ന് കള്ളാര്‍ വനംവകുപ്പ് ഓഫീസ് വളപ്പില്‍ മറവ് ചെയ്തു. ഡിഎഫ്ഒ ജോസ് മാത്യു, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എംപി രാജു, സുരേന്ദ്രന്‍, ആര്‍ ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി. വനം വകുപ്പ് വടക്കന്‍ മേഖലാ വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ചത്ത പെണ്‍പുലിക്ക് നാലുവയസ് പ്രായം വരുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വാഭാവിക മരണമെന്ന നിഗമനത്തിലാണ് അധികൃതരിപ്പോള്‍. പുലിയുടെ ദേഹത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. വിഷം അകത്തുചെന്നതായി സൂചനയുമില്ല. എന്നാല്‍ രാസപരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ മരണ കാരണം കൂടുതല്‍ വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ രാഹുല്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പുഞ്ചക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്ത് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. കള്ളാര്‍ പുലി ഭീഷണിയുള്ള പ്രദേശം അല്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒടയംചാലില്‍ പുലിയെ കണ്ടെത്തിയിരുന്നു.







