ആലപ്പുഴ: കൈനടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി.വൈ.എഫ്.ഐ നേതാവിനുനേരെ വധശ്രമമെന്ന് പരാതി. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. രാംജിത്താണ് ആക്രമണത്തിനിരയായത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാംജിത്തിനെ ആക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ രാംജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമത്തില്‍ തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാംജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ വെളിയനാട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാംജിത്ത്
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. യുഡിഎഫ് ആണ് ഇവിടെ വിജയിച്ചത്. രാംജിത്തിന്റെ സ്വദേശമായ കൈനടി
ഉള്‍പ്പെടുന്ന നീലംപേരൂര്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിലാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ രാംജിത്തിന്റെ വീടിന് സമീപത്തുവെച്ച് പടക്കം പൊട്ടിച്ചിരുന്നു.
ഇത് ചോദ്യംചെയ്തതിനാണ് രാംജിത്തിനെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.







