‘നാറുന്നവനെ പേറിയാല്‍ പേറിയവനും നാറും’. താളാത്മകമായ ഒരു പദപ്രയോഗം. അത് അക്ഷരം പ്രതി ശരിയാണ്. പതിരില്ലാത്ത പഴമൊഴി. പുതുമൊഴിയും.
ചില രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കും പ്രവൃത്തിയും തന്നെ ഉദാഹരണമായെടുക്കാം. ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍ പാടി:
‘സ്വന്തം ഇടം കാലിലെ ചെളി
വലം കാലുകൊണ്ട് തുടച്ചതും
പിന്നെയിടം കാലുകൊണ്ട് വലം കാല്‍ തുടച്ചതും
പിന്നെ…’ ഇങ്ങനെ പോകുന്നു ഇണ്ടല്‍ അമ്മാവന്റെ കളി. ഇടംകാലില്‍ ചെളി പറ്റി എന്ന് കണ്ടപ്പോള്‍ അത് കഴുകിക്കളയുന്നതിനു പകരം വലം കാല്‍ കൊണ്ട് തുടച്ചാലോ? വലം കാലും ചെളി നാറും. ചെളിയേറും ചെളി തുടക്കലും നടത്തുന്നതില്‍ സമര്‍ത്ഥരാണല്ലോ നമ്മുടെ രാഷ്ട്രീയക്കാരില്‍ മിക്കവരും. അതില്‍ യാതൊരു ഒളിവും വെളിവുമില്ല; അശേഷം നാണവുമില്ല അവര്‍ക്ക്.
മലയാള സിനിമാരംഗത്തെ ഒരു യുവ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും അത് ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു എന്ന കേസില്‍ കീഴ്കോടതി വിധി പറഞ്ഞു- സംഭവം നടന്നിട്ട് എട്ട് വര്‍ഷത്തിന് ശേഷം. 2017 ഫെബ്രുവരിയില്‍ കൊച്ചിയിലായിരുന്നു- ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച്. സിനിമാനടന്‍ ദിലീപിനു വേണ്ടി പള്‍സര്‍ സുനിയും സംഘവും ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം ചെയ്തത്. സുനി അടക്കം പത്തുപേര്‍ക്കെതിരെ ക്രിമിനല്‍ കേസ്. ആറു പേര്‍ നേരിട്ട് പങ്കെടുത്തു എന്ന് ആരോപണം. കുറ്റാരോപിതര്‍ പിടിയിലായി. എണ്‍പത്തഞ്ചു ദിവസങ്ങള്‍ക്കു ശേഷം സുപ്രീംകോടതിയില്‍ നിന്നും ദിലീപിന് ജാമ്യം ലഭിച്ചു.
അതിജീവിത(യുവനടി)യോടുള്ള വ്യക്തിവിരോധം മൂലം നടന്‍ ദിലീപ് ആസൂത്രണം ചെയ്തതാണ് പീഡനം എന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി. 2012 മുതല്‍ ദിലീപിന് തന്നോട് വിരോധമുണ്ട് എന്ന് അതിജീവിത കോടതിയില്‍ ബോധിപ്പിച്ചു. നടി കാവ്യാമാധവനുമായി ദിലീപിന് ഉണ്ടായിരുന്ന അവിഹിത ബന്ധം മഞ്ജുവാര്യരോട് പറഞ്ഞതാണ് ഈ വിരോധത്തിന് കാരണമെന്നും അതിജീവിത മൊഴി നല്‍കി. വിചാരണയ്ക്കിടെ 28 സാക്ഷികള്‍ കൂറ് മാറി. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ ദിലീപാണ് മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചെങ്കിലും കോടതി സമക്ഷം അത് സ്ഥാപിക്കാനായില്ല; മൊഴി വിശ്വസനീയമല്ല എന്ന് കോടതി.
അപ്പീല്‍ പോകും എന്ന് അതിജീവിത പറയുന്നു. സംസ്ഥാന ഭരണം കൈയാളുന്ന സര്‍ക്കാര്‍ക്കും (മുന്നണിക്കോ, മുഖ്യമന്ത്രിക്കോ) ഈ കേസില്‍ പങ്കുണ്ട് എന്ന് ആരോപണമില്ല. അതിജീവിതയും അപ്രകാരം പറഞ്ഞിട്ടില്ല. ദിലീപ് ഇടതു പക്ഷക്കാരനാണെന്ന് കേട്ടിട്ടില്ല.
എന്നിട്ടും ഈ കേസ് പ്രതിപക്ഷമുന്നണി ഏറ്റെടുത്തത് പോലെ. പരസ്പരം ചെളിയേറ്. യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ദിലീപിനെ കോടതി കുറ്റമുക്തനാക്കി വെറുതെ വിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രസ്താവന നടത്തി.(10122025 മാതൃഭൂമി). ദിലീപിന് നീതി കിട്ടി എന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷമുണ്ട്. നീതി കിട്ടിയല്ലോ. ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ള വ്യക്തി എന്ന നിലയിലും വളരെ സന്തോഷം. അദ്ദേഹത്തിന് നീതി കിട്ടിയല്ലോ. സര്‍ക്കാര്‍ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമ്രേത! ആരെ ബുദ്ധിമുട്ടിക്കാനാണ് ഇത്? തന്റെ പ്രിയ സുഹൃത്തിനെ സര്‍ക്കാര്‍ അന്യായമായി ദ്രോഹിക്കുന്നത് ആരാണ് സഹിക്കുക? അടൂര്‍ പ്രകാശ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ രോഷം തുളുമ്പുന്ന പ്രതികരണം കണ്ടപ്പോള്‍ അത്ഭുതം തോന്നും. സിനിമാ നടനായ ദിലീപും രാഷ്ട്രീയക്കാരനായ അടൂര്‍ പ്രകാശും തമ്മില്‍ എന്താണ് ബന്ധം എന്നറിയില്ല. ഇതുവരെ ഒന്നും കേട്ടിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പം നില്‍ക്കും; വിധിയുമായി ബന്ധപ്പെട്ട് നിയമ പരമായ പരിശോധന നടത്തിയ ശേഷം തുടര്‍ നടപടി തീരുമാനിക്കും. മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രസ്താവനയും അടൂര്‍ പ്രകാശിനെ രോഷാകുലനാക്കി.
എന്നാല്‍, ഇത് കോണ്‍ഗ്രസിന്റെ നിലപാടല്ലത്രേ. കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് തന്റെ സഹപ്രവര്‍ത്തകനെ (അടൂരിനെ) തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസും യു ഡി എഫും എന്നെന്നും അതിജീവിതയ്ക്കൊപ്പമാണ്. ദിലീപിനെതിരായ ഗ്രന്ഥാലോചനക്കുറ്റം തെളിയിക്കാനാകാത്തത് പ്രോസിക്യൂഷന്റെയും അന്വേഷണ ഏജന്‍സിയുടെയും പരാജയമാണ്. കുറ്റം തെളിയിക്കാനാവശ്യമായ നടപടി സ്വീകരിക്കണം സര്‍ക്കാര്‍. അപ്പീല്‍ ഫയല്‍ ചെയ്ത മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കണം കെ പി സി സി പ്രസിഡണ്ട് പറഞ്ഞത്.
ആറ്റിങ്ങല്‍ എം പിയും യു ഡി എഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിനെ ഇന്ദിരാഭവനില്‍ വിളിച്ചു വരുത്തി കോണ്‍ഗ്രസ്് നേതാക്കള്‍ (കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, കെ മുരളീധരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍) ശാസിച്ചു; തള്ളിപ്പറഞ്ഞു. പ്രസ്താവന ഉടനെ തിരുത്തണമെന്ന് ആവശ്യപ്പെട്ടു.
അവിടെവെച്ചുതന്നെ അടൂര്‍പ്രകാശ് തന്റെ പ്രസ്താവന തിരുത്തി, മറ്റൊരു പ്രസ്താവന നടത്തി താന്‍ എന്നും അതിജീവിതയ്ക്കൊപ്പമാണ്. താന്‍ പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാനാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല തിരുത്തല്‍ പ്രസ്താവന.
മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ക്ക് തോന്നിയത് മാതിരി വാര്‍ത്തയെഴുതിയാലോ? അവര്‍ക്കെതിരെ കോടതിയെ സീമീപിക്കേണ്ടതല്ലേ? എഴുതാപ്പുറം വായനയും പറയാപ്പുറം കേള്‍ക്കലും തുടരാന്‍ പാടുണ്ടോ? എന്തിനായിരുന്നു ഈ ചെളി തുടയ്ക്കല്‍ക്കളി? ‘ഇണ്ടനമ്മാവന്റെ അനന്തരവന്മാരോ ഇവര്‍?’.







