സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിതാവും മകനുമെന്ന് പൊലീസ്. പാക്കിസ്ഥാന്‍ സ്വദേശികളായ നവീദ് അക്രം(50) അദ്ദേഹത്തിന്റെ 24 വയസ്സുള്ള മകന്‍ സാജിദ് അക്രം എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
രണ്ട് പേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സംഭവത്തില്‍ കൂടുതല്‍ കുറ്റവാളികളെ തേടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അക്രമികളില്‍ ഒരാളായ നവീദ് ആക്രമിനെ സംഭവ സ്ഥലത്തുതന്നെ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായാണ് വിവരം. രണ്ടാമത്തെ പ്രതി സാജിദ് അക്രം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഒറ്റരാത്രികൊണ്ട് അന്വേഷണത്തില്‍ വേഗത്തിലുള്ള പുരോഗതി കൈവരിച്ചതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു. കൊല്ലപ്പെട്ട
നവീദ് ആറ് ലൈസന്‍സുള്ള തോക്കുകളുടെ ഉടമയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോണ്ടി ബീച്ചിലെ ആക്രമണത്തില്‍ ആറ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്രയും ആയുധങ്ങള്‍ ഒരേസമയം എങ്ങനെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് ലാന്‍യോണ്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് നടന്ന വെടിവെപ്പില്‍ അക്രമികളില്‍ ഒരാള്‍ ഉള്‍പ്പെടെ 16 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നടന്ന സംഘര്‍ഷത്തില്‍ രണ്ട് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ബോണ്ടി ബീച്ചില്‍ നടന്ന ‘ചാനുക്ക ബൈ ദി സീ’ എന്നറിയപ്പെടുന്ന യഹൂദരുടെ ഒരു ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ‘ഹനുക്ക’ ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്ന ഒരു യഹൂദരുടെ ആഘോഷമാണിത്.







