മുംബൈ: ഇന്ത്യയിലെത്തിയ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വരവേല്‍ക്കാന്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ സാക്ഷിയായത് അപൂര്‍വ്വ കാഴ്ചയ്ക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെസ്സിയെ കാണാന്‍ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച ആരാധകര്‍ക്ക് നല്‍കിയത്. ആര്‍പ്പു വിളികള്‍ക്കിടെ ഗ്രൗണ്ടില്‍ ഇറങ്ങിയ സച്ചിന്‍, മെസ്സിക്ക് ഇന്ത്യന്‍ ടീമിന്റെ 10ാം നമ്പര്‍ ജഴ്‌സി സമ്മാനിച്ചപ്പോള്‍ മെസ്സി അര്‍ജന്റീനയുടെ ലോകകപ്പ് ജഴ്‌സി സച്ചിന് സമ്മാനിച്ചു. തുടര്‍ന്ന് മെസ്സി 2026 ഫിഫ ലോകകപ്പ് ഔദ്യോഗിക പന്ത് സച്ചിന് സമ്മാനിച്ചു.
38 കാരനായ മെസ്സി ഇന്റര്‍ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ക്കൊപ്പമാണ് മുംബൈയിലെത്തിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയും സച്ചിനൊപ്പം മെസ്സിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും ഫുട്‌ബോള്‍ ആരാധകരുടെ മനംകവര്‍ന്നു. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചു. മെസ്സിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തില്‍ ഛേത്രിയും പന്തു തട്ടിയിരുന്നു. പിന്നീട് മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെ വേദിയിലും ഛേത്രിയെത്തി.
അര്‍ജന്റീന ടീമിന്റെ ജഴ്‌സിയാണ് മെസ്സി ഛേത്രിക്കും സമ്മാനിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും മെസ്സി ജഴ്‌സി സമ്മാനിച്ചു. അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആദരിച്ചു, അദ്ദേഹം ഒരു പ്രത്യേക മൊമന്റോ താരത്തിന് സമ്മാനിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് ഇതിഹാസ താരങ്ങളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി മുംബൈയിലെത്തി മെസ്സിയെ കാണുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം എത്തിയിരുന്നില്ല. മെസ്സി ഡല്‍ഹിയിലെത്തുമ്പോള്‍ വിരാട് കോലിയും എത്തുമെന്നാണ് അറിയുന്നത്. ദേശീയ തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മെസ്സി കാണും.







