സിഡ്നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ കൂട്ടവെടിവെപ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 50 തവണ വെടിവെപ്പ് നടന്നതായാണ് വിവരം. ഇന്ത്യന്‍ സമയം 2.17(ഓസ്‌ട്രേലിയയില്‍ രാത്രി) നാണ് സംഭവം. അക്രമം നടത്തിയ സംഘത്തിലെ തോക്കുധാരികളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മറ്റൊരാള്‍ വെടിയേറ്റ നിലയില്‍ കസ്റ്റഡിയിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ ഏകദേശം 11 പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. തോക്കുധാരികളായ രണ്ടുപേര്‍ ഒന്നിലേറെ തോക്കുകള്‍ ഉപയോഗിച്ച് ഒരേ സമയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഉടന്‍ സ്ലത്ത് പാഞ്ഞെത്തി. ഹെലികോപ്റ്ററുകള്‍, തീവ്രപരിചരണ പാരാമെഡിക്കുകള്‍, പ്രത്യേക ഓപ്പറേഷന്‍ ടീമുകള്‍ എന്നിവയുള്‍പ്പെടെ 26 യൂണിറ്റുകളെ വിന്യസിച്ചു. പരിക്കേറ്റവര്‍ക്ക് സംഭവ സ്ഥലത്തു തന്നെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സെന്റ് വിന്‍സെന്റ്‌സ്, റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ്, സെന്റ് ജോര്‍ജ്ജ് തുടങ്ങിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ രാത്രിയിലാണ് വെടിവെയ്പ്പ് നടന്നത്. ജൂത ഉത്സവത്തിന്റെ തുടക്കം കുറിക്കുന്നതിനായി നൂറുകണക്കിന് ആളുകള്‍ കടല്‍ത്തീരത്ത് ഒത്തുകൂടിയപ്പോള്‍ (ഓസ്ട്രേലിയന്‍ സമയം) വൈകുന്നേരം 6.30 ന് ശേഷമാണ് തോക്കുധാരികള്‍ വെടിയുതിര്‍ത്തതെന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായ സംഭവം എന്നാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വിശേഷിപ്പിച്ചത്.







