കാസര്‍കോട്: സിപിഎം പ്രവര്‍ത്തകയായ 21 കാരി ബിജെപിയെ അവരുടെ കുത്തക വാര്‍ഡില്‍ തറപറ്റിച്ച് ചെങ്കൊടി പാറിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമ്പള പഞ്ചായത്തിലെ ശാന്തിപ്പള്ളം വാര്‍ഡിലാണ് സ്‌നേഹ വിജയിച്ചത്. ഒരുപക്ഷേ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായിരിക്കും സ്‌നേഹ.
ബിജെപി സ്ഥാനാര്‍ഥി എസ്. പ്രേമലതയെ 118 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്‌നേഹ തോല്‍പിച്ചത്. മുന്നാട് പീപ്പിള്‍സ് കോളേജിലെ ജെഡിസി വിദ്യാര്‍ഥിനിയാണ് സ്‌നേഹ. നേരത്തെ കാസര്‍കോട് കോളേജിലെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്നു. ബാലസംഘം സെക്രട്ടറി, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടന്‍പാട്ടുകലാകാരിയായ ഇവര്‍ വടക്കന്‍ ഫോക്‌സ് എന്ന ട്രൂപ്പിലെ അംഗമാണ്. പൊതുപ്രവര്‍ത്തകനായ കൊഗ്ഗുവിന്റെയും മൈമൂന്‍ നഗര്‍ അങ്കണവാടി ഹെല്‍പ്പറായ ലീലാവതിയുടെയും മകളാണ്. സഹോദരന്‍ കെ. രാകേഷ് ഉദുമ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിയാണ്.







