കാസര്‍കോട്: കുമ്പള പഞ്ചായത്ത് ഭരണം മുസ്ലീംലീഗ് നിലനിറുത്തി. 24 അംഗ പഞ്ചായത്തു ഭരണ സമിതിയില്‍ മുസ്ലീംലീഗിനു 13 സീറ്റു ലഭിച്ചു. നിലവിലെ ഭരണസമിതിയില്‍ ലീഗിന് എട്ട് അംഗങ്ങളാണുണ്ടായിരുന്നത്. കാലാവധി അവസാനിക്കാന്‍ പോകുന്ന ഭരണസമിതിയില്‍ ഒന്‍പതംഗങ്ങളുണ്ടായിരുന്ന ബി ജെ പിയുടെ അംഗ സംഖ്യ അഞ്ചായി കുറഞ്ഞു. സ്വതന്ത്രരുള്‍പ്പെടെ മൂന്നംഗങ്ങളുണ്ടായിരുന്ന സി പി എം ഇത്തവണയും അതു നില നിറുത്തി. കോണ്‍ഗ്രസിനു രണ്ടു സീറ്റ് ലഭിച്ചു. അതേസമയം ഒരംഗമുണ്ടായിരുന്ന എസ് ഡി പി ഐയെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി നിലംപരിശാക്കി. കുമ്പള, ആരിക്കാടി, കക്കളംകുന്ന്, ബംബ്രാണ, ഉളുവാര്‍, ഇച്ചിലമ്പാടി, കൊടിയമ്മ, പേരാല്‍, കെ കെ പുറം, മൊഗ്രാല്‍, കോയിപ്പാടി കടപ്പുറം, റെയില്‍വെ സ്റ്റേഷന്‍, നടുപ്പളം, ബദ്രിയനഗര്‍, മാട്ടംകുഴി വാര്‍ഡുകളിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഉജാര്‍, മുജങ്കാവ്, നാരായണ മംഗലം, കോട്ടേക്കാര്‍, ഷേഡിക്കാവ് വാര്‍ഡുകളിലാണ് ബി ജെ പി വിജയിച്ചത്. 10-ാം വാര്‍ഡ് മുളിയഡുക്കയില്‍ മുസ്ലീംലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. കളത്തൂര്‍, കൊപ്പളം, ശാന്തിപ്പള്ളം വാര്‍ഡുകള്‍ സി പി എമ്മിനു ലഭിച്ചു.
തലസ്ഥാന കോര്‍പ്പറേഷനുള്‍പ്പെടെ ചരിത്ര വിജയം ബി ജെ പി കരസ്ഥമാക്കിയപ്പോള്‍ ആ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കുമ്പളയില്‍ ആ പാര്‍ട്ടിക്കുണ്ടായ ദയനീയ പരാജയം പാര്‍ട്ടി നേതൃത്വം ഗൗരവമായെടുത്തിട്ടുണ്ട്.







