കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മൂന്ന് മണിക്കൂറില്‍ 20.27% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 13 ന് വോട്ടെണ്ണും.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. ഡിസംബര്‍ 9 ന് ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി പഞ്ചായത്തിലെ കാട്ടിലെ പീടിക ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുബസമേതമെത്തി വോട്ട് രേഖപ്പെടുത്തി. മന്ത്രി എം ബി രാജേഷ് കൈലിയാട് കെ വി യുപി സ്‌കൂളില്‍ രാവിലെ വോട്ട് ചെയ്തു. അച്ഛന്‍ ബാലകൃഷ്ണന്‍ മാമ്പറ്റ, അമ്മ രമണി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.
പാലക്കാട് പട്ടിശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇതേതുടര്‍ന്ന് അര മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. മെഷീന്‍ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാര്‍ഡില്‍ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീന്‍ മാറ്റി സ്ഥാപിച്ചു.
പാലക്കാട് പെരുവമ്പ് വാര്‍ഡ് 3 ബൂത്ത് 1 ലെ വോട്ടിങ് മെഷീന്‍ തകരാര്‍ പരിഹരിച്ചു. ഇവിടെ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് പോളിംഗ് ആരംഭിച്ചത്.
കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് പത്താം വാര്‍ഡ് (വെസ്റ്റ് കൈതപ്പൊയില്‍ ) പുതുപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യന്ത്രതകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടു..







