കാസര്‍കോട്: മദ്യലഹരിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി വനിതാ പ്രിസൈഡിംഗ് ഓഫീസറോട് മോശമായി പെരുമാറിയ കാഞ്ഞങ്ങാട് ബീറ്റാ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണുപ്രസാദിന്റെ പരാതി പ്രകാരമാണ് സിപിഒയായ സനൂപ് ജോണിനെതിരെ കേസെടുത്തത്. മുളിയാര്‍ പഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്തായ ബോവിക്കാനം എ.യു.പി സ്‌കൂളില്‍ ബുധനാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇതേ കുറിച്ച് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെ- ‘അധ്യാപികയായ അനസൂയയാണ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ പ്രസ്തുത ബൂത്തില്‍ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു സനൂപ് ജോണ്‍. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ ബൂത്തിലെത്തിയത്. പ്രിസൈഡിംഗ് ഓഫീസര്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് ആണെന്നായിരുന്നു മറുപടി. പൊലീസാണെങ്കില്‍ യൂണിഫോം വേണ്ടെയെന്നു ചോദിച്ചു. നിങ്ങള്‍ എന്താ സാരിയുടുക്കാത്തതെന്നു പൊലീസുകാരന്‍ തിരിച്ചു ചോദിച്ചു. ഈ വിവരം സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരന്‍ ഇലക്ഷന്‍ സബ്ഡിവിഷന്റെ ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അനില്‍ കുമാറിനെ ഫോണിലൂടെ അറിയിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണുപ്രസാദും സംഘവും ബൂത്തിലെത്തി. പ്രിസൈഡിംഗ് ഓഫീസറോട് സംഭവത്തെകുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. പൊലീസുകാരന്‍ എന്നു പറഞ്ഞയാള്‍ അകത്തു കിടക്കുന്നുണ്ടെന്നായിരുന്നു പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞത്. തുടര്‍ന്ന് എ.എസ്.ഐ സത്യപ്രകാശന്‍ പൊലീസുകാരനെ ബൂത്തിനു പുറത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഞാന്‍ ഇന്നു മദ്യപിച്ചിട്ടില്ല എന്നും ഇന്നലെ മദ്യപിച്ചിരുന്നുവെന്നും മറുപടി നല്‍കി. എന്നാല്‍ സംസാരത്തില്‍ മദ്യ ലഹരിയിലാണെന്നു വ്യക്തമായതോടെ മെഡിക്കല്‍ ടെസ്റ്റ് നടത്താമെന്നു പറഞ്ഞു. യൂണിഫോം ഇട്ട് വരാമെന്നു പറഞ്ഞ് റസ്റ്റ് റൂമിലേക്ക് പോയ പൊലീസുകാരന്‍ ബാഗുമായി പുറത്തിറങ്ങി ഓടി. ബൂത്തിനു പുറത്തു പാര്‍ക്ക് ചെയ്തിരുന്ന കാറുമായി അമിത വേഗതയില്‍ രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരനെ തട്ടിത്തെറുപ്പിച്ചാണ് സനൂപ് ജോണ്‍ സ്ഥലം വിട്ടത്.’ ബൂത്തില്‍ മദ്യപിച്ചെത്തുകയും നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പൊലീസുകാരനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന.







