ബീജിംഗ്: ഗര്‍ഭിണിയായ ഭാര്യയോട് സഹപ്രവര്‍ത്തകരോടൊപ്പം ‘ബിസിനസ് യാത്ര’യിലാണെന്ന് പറഞ്ഞ് മുങ്ങിയ യുവാവിനെ തായ്ലന്‍ഡിലെ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിനിടെ കാമുകിക്കൊപ്പം കണ്ടെത്തിയ സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭാര്യയുടെ ഓണ്‍ലൈന്‍ സുഹൃത്ത് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയപ്പോഴാണ് ഭര്‍ത്താവിന്റെ കൊടും വഞ്ചന പുറത്തുവന്നത്.
സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം, നാലാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന ഭാര്യയോട്, സഹപ്രവര്‍ത്തകരോടൊപ്പം ജോലിക്കായി താന്‍ ഹാറ്റ് യായില്‍ ആണെന്നാണ് മലേഷ്യക്കാരനായ ഭര്‍ത്താവ് അറിയിച്ചിരുന്നത്. അതിനിടെയാണ് തായ്ലന്‍ഡില്‍ ദുരിതം വിതച്ച് വെള്ളപ്പൊക്കം ഉണ്ടായത്. പിന്നീട് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതോടെ ഭര്‍ത്താവിന് എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ എന്ന് ഭയന്ന ഭാര്യ രക്ഷാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 24 ന്, ഹാറ്റ് യായില്‍ നിന്നുള്ള വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തന അപ്ഡേറ്റുകള്‍ പങ്കുവെച്ച മലേഷ്യന്‍ സ്ത്രീയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭര്‍ത്താവ് സഹപ്രവര്‍ത്തകരോടൊപ്പം നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിശ്വസിച്ച് യുവതി സഹായത്തിനായി സമീപിച്ച കാര്യം അവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് യുവാവ് താമസിച്ചിരുന്ന ഹോട്ടലില്‍ അയാളെ കണ്ടെത്താന്‍ ഹാറ്റ് യായിലെ ബന്ധുക്കളോട് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചു.
ഇതോടെയാണ് യുവാവിന്റെ കൂടെയുള്ളത് ഒരു സ്ത്രീയാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ നാല് ദിവസമായി അവര്‍ യുവാവിനൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയുകയായിരുന്നു. നിലവില്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യയെ അറിയിച്ചിട്ടില്ലെന്ന് മലേഷ്യന്‍ യുവതി വെളിപ്പെടുത്തി.
ഈ സംഭവം പങ്കുവെച്ചത് ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയല്ലെന്നും, ഇതുപോലെ ഭാര്യമാര്‍ ‘നമ്മുടെ ഭര്‍ത്താക്കന്മാരെ അന്ധമായി വിശ്വസിക്കരുത്’ എന്ന മുന്നറിയിപ്പ് നല്‍കാനാണെന്നും അവര്‍ വ്യക്തമാക്കി. യാത്രയിലുടനീളം ഭര്‍ത്താവ് യുവതിയുമായി പതിവായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യമൊന്നും വീട്ടില്‍ കഴിയുന്ന ഭാര്യക്ക് അറിയുന്നില്ല. അവര്‍ വിദഗ്ധമായി പറ്റിക്കപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
അതേസമയം സംഭവം പുറത്തുവിട്ടതോടെ പലരും ഭാര്യ സത്യം അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭാര്യയുടെ കുടുംബാംഗത്തെയോ സുഹൃത്തിനെയോ അറിയിച്ച് ഇക്കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും അവര്‍ പറയുന്നു.
അതിനിടെ വെള്ളപ്പൊക്കത്തില്‍ തെക്കന്‍ തായ്ലന്‍ഡ് വലയുകയാണ്, മരണസംഖ്യ കുറഞ്ഞത് 185 ആയി ഉയര്‍ന്നു, 12 പ്രവിശ്യകളിലായി മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നു. തെക്കന്‍ തായ്ലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഹാറ്റ് യായ്, ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ ദൈനംദിന ജീവിതം പാടെ തടസ്സപ്പെട്ടു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി, വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിച്ചു, ദശലക്ഷക്കണക്കിന് ആളുകള്‍ ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായി. തായ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, സ്ഥലത്ത് നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കുകയും, ഭക്ഷണ വിതരണം, വൈദ്യസഹായം തുടങ്ങിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.







