ബെംഗളൂരു: ഇന്‍ഡിഗോ വിമാനങ്ങളുടെ പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ ബസുകള്‍. ബെംഗളൂരുവില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. അത്യാവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകുന്നവരാണ് അമിത നിരക്കില്‍ നട്ടംതിരിയുന്നത്. വിമാന കമ്പനികള്‍ക്കൊപ്പം സ്വകാര്യ ബസുകളും യാത്രക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വിഷമിപ്പിക്കുന്നുവെന്നാണ് പരാതി.
ഏതാനും ദിവസങ്ങളായി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. ഇതോടെ മലയാളികള്‍ അടക്കമുള്ള യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. പലരും അമിത നിരക്ക് നല്‍കേണ്ടി വരുന്നതിനാല്‍ യാത്ര തന്നെ മാറ്റിവച്ചിരിക്കുകയാണ്.
പുതുവത്സര അവധി കൂടി ആയതോടെ നാട്ടിലേക്ക് വരാനുള്ള യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ഇതോടെകേരള, കര്‍ണാടക ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും പലരും യാത്ര ചെയ്യാന്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുകയും ചെയ്യുന്നു. ഇത് മുതലാക്കിയാണ് സ്വകാര്യ ബസുകള്‍ അമിത നിരക്കുകള്‍ ഈടാക്കുന്നതെന്നാണ് പരാതി.
ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യാന്‍ ഇന്നും നാളെയും 2,000 രൂപ വരെയാണു സ്വകാര്യ ബസ് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പതിവ് നിരക്കിനേക്കാള്‍ 200- 300 രൂപ വരെ കൂടുതലാണിതെന്ന് യാത്രക്കാര്‍ പറയുന്നു. അതേസമയം, ക്രിസ്മസ് അവധി തുടങ്ങുന്ന 19ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ബസില്‍ 6,000 രൂപ വരെ ഈടാക്കുന്നതായും ആരോപണമുണ്ട്. 19 ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന 122 ബസുകളില്‍ എണ്‍പതോളം ബസുകളിലും 3,000 രൂപയ്ക്ക് മുകളിലാണ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്മസ് വരെയുള്ള ദിവസങ്ങളിലെല്ലാം പതിവ് നിരക്കിന്റെ ഇരട്ടിയിലധികമാണ് മിക്ക ബസുകളും ഈടാക്കുന്നത്. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും യാത്രാനിരക്ക് 4,000 രൂപ കടന്നിട്ടുണ്ടെന്ന് പറയുന്നു.







