ഫ്‌ളോറിഡ: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ചെറുവിമാനം തിരക്കേറിയ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഫ്‌ളോറിഡയിലെ പ്രധാന ഹൈവേയായ ബ്രെവാര്‍ഡ് കൗണ്ടിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ വിമാനം കാറില്‍ ഇടിക്കുകയായിരുന്നു. ഇന്റര്‍സ്റ്റേറ്റ് 95 ലാണ് അപകടം നടന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഓര്‍ലാന്‍ഡോയില്‍ നിന്നുള്ള 27 കാരനായ പൈലറ്റും 27 കാരനായ ഒരു യാത്രക്കാരനും ആണ് ബീച്ച് ക്രാഫ്റ്റ് 55 ല്‍ യാത്ര ചെയ്തിരുന്നത്. വൈകുന്നേരം 5:45 ഓടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരക്കേറിയ പാതയിലേക്ക് വിമാനം പെട്ടെന്ന് ഇറങ്ങുകയും 57 കാരിയായ ഒരു സ്ത്രീ ഓടിച്ചിരുന്ന ടൊയോട്ട കാമ്രിയില്‍ ഇടിക്കുകയുമായിരുന്നു. മൂവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ത്രീയെ ചികിത്സയ്ക്കായി വിയേര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെയിംസ് കോഫിയും മകന്‍ പീറ്ററും ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അവരുടെ ഡാഷ് ക്യാമില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. വിമാനം കാറില്‍ ഇടിക്കുന്നതും ചെറുതായി കുതിക്കുന്നതും റോഡില്‍ തീപ്പൊരികള്‍ വീഴുന്നതും വീഡിയോയില്‍ കാണാം.
മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പെട്ടെന്നുള്ള അപകടത്തില്‍ ഭയന്നുപോയെന്നും
ജെയിംസ് കോഫിയും മകന്‍ പീറ്ററും പ്രതികരിച്ചു. അപകടം നടന്നയുടനെ രണ്ട് പ്രാദേശിക പാസ്റ്റര്‍മാരായ ആനി വിഗ്ലിയും ഭര്‍ത്താവ് ബെര്‍ണാഡ് വിഗ്ലിയും കാര്‍ യാത്രക്കാരെ സഹായിക്കാന്‍ ഓടിയെത്തി. ആനി വിഗ്ലി ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന യുവതിയെ വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവ് ബെര്‍ണാഡ് വിഗ്ലി ഈ രംഗം ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
വിമാനം ഉടനടി നീക്കം ചെയ്യുമെന്ന് ടോവിംഗ് കമ്പനി അറിയിച്ചു. അടിയന്തര ലാന്‍ഡിംഗിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിമാനത്തില്‍ ഇന്ധനം തീര്‍ന്നിരിക്കാമെന്ന നിഗമനത്തിലാണ് ടോവിംഗ് കമ്പനി.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ഫ്‌ളോറിഡ ഹൈവേ പട്രോള്‍ അപകടത്തെ കുറിച്ചുള്ള അന്വേഷണം തുടരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.







