കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ കാണാതായി. ചൊക്ലി ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ ആണ് കാണാതായത്. ഇതുസംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭവം മുന്നണികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കി.
പത്രികാ സമര്‍പ്പണം മുതല്‍ വീടുകയറി വോട്ടഭ്യര്‍ത്ഥന നടത്തി തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് സജീവമായിരുന്ന സ്ഥാനാര്‍ത്ഥി മൂന്നു ദിവസം മുമ്പാണ് അപ്രത്യക്ഷമായത്. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ‘കോളുകള്‍ സ്വീകരിക്കുന്നില്ല’ എന്ന മറുപടിയാണ് ലഭിക്കുന്നതെന്നു പറയുന്നു.
ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനു സി പി എം നടത്തുന്ന നാടകമാണ് സ്ഥാനാര്‍ത്ഥിയുടെ കാണാതാകല്‍ എന്നു യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥിയെ സി പി എം ഒളിപ്പിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു സി പി എം ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു. ആരോപണം ശരിയാണെങ്കില്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചൊക്ലി പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തില്‍ സ്ഥാനാര്‍ത്ഥിയെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയതായാണ് സൂചന.







