റിയാദ്: പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മദ്യ നിയന്ത്രണങ്ങള്‍ക്കു മാറ്റം വരുത്തി സൗദി അറേബ്യ. സൗദി അറേബ്യയില്‍ മുസ്ലീങ്ങളല്ലാത്ത വിദേശികള്‍ക്ക് വേണ്ടി മദ്യ വില്‍പ്പന ആരംഭിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ അതിസമ്പന്നരായ വിദേശികള്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള പ്രവാസികള്‍ക്കും ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വരുമാന സര്‍ട്ടിഫിക്കറ്റോ സാലറി സ്ലിപ്പോ കാണിക്കണം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപഭോക്താക്കളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. നേരത്തെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിയിരിക്കുന്നത്. മദ്യം ലഭിക്കുമെങ്കിലും സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് വിലയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സാധാരണ വൈന്‍ കുപ്പിയ്ക്ക് ഏകദേശം 7000 രൂപയോളം വരും. ഇത് അമേരിക്കയിലെ വിലയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. മദ്യവില്‍പ്പനയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും, ഇതൊരു പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. റിയാദിലാണ് രാജ്യത്തെ ഏക മദ്യശാല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് സൗദി സാക്ഷ്യം വഹിച്ചത്. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് രാജ്യം പിൻവലിച്ചു. സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. 35 വർഷമാണ് സൗദിയിൽ സിനിമയ്ക്കും സിനിമാശാലകൾക്കും നിരോധനം ഉണ്ടായിരുന്നത്.







