കുമ്പള: കോയിപ്പാടി കടപ്പുറം 17-ാം വാര്‍ഡു കഴിഞ്ഞാല്‍ കുമ്പളയില്‍ കടുത്ത മത്സരം 24-ാം വാര്‍ഡ് ഷേഡിക്കാവിലും ബംബ്രാണ 4-ാം വാര്‍ഡിലും റെയില്‍വേ സ്റ്റേഷന്‍ 18-ാം വാര്‍ഡിലുമാണ്. 24-ാം വാര്‍ഡില്‍ തിരഞ്ഞെടുപ്പു പ്രചരണ രംഗം വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍ കേശവ നായിക് ഇളക്കി മറിക്കുന്നു. തിരഞ്ഞെടുപ്പു ചിഹ്നമായ തീപ്പന്തവുമായി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ആവേശജ്വാല പരത്തുന്ന അദ്ദേഹം ബ്ലോക്ക് പഞ്ചായത്തിലേക്കു മൊഗ്രാല്‍ ഡിവിഷന്‍- രണ്ടിലും ജില്ലാ പഞ്ചായത്തിലേക്കു കുമ്പള ഡിവിഷനിലും റോസാപ്പൂവുമായി മത്സരരംഗത്തു സുഗന്ധം പരത്തുന്നു. ബി ജെ പിയുടെ കുത്തക സീറ്റായ 24-ാം വാര്‍ഡില്‍ രമേശ് ഭട്ടാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ ഇബ്രാഹിമും സി പി എമ്മിലെ സതീശനും ഈ വാര്‍ഡില്‍ മത്സരരംഗത്തുണ്ട്. ബി ജെ പിക്കു വിജയം സുനിശ്ചിതമായ വാര്‍ഡില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കേശവനായിക്കിനു കഴിഞ്ഞിട്ടുണ്ട്.
24-ാം വാര്‍ഡിലെ ചൂടും ചൂരും ബംബ്രാണ നാലാം വാര്‍ഡിലും പ്രകടമാണെങ്കിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി ഖാലിദ് ഈ വാര്‍ഡില്‍ വിജയസാധ്യത ഉറപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സര രംഗത്തിറങ്ങിയത്.
ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ ഖാലിദിന്റെ ഭാര്യ നസീമ മത്സരിച്ചു ജയിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായിരുന്നു. അതിനു മുമ്പു സഹോദരന്‍ എം പി മുഹമ്മദ് കുമ്പള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവിലുള്ള ഭരണ സമിതിയില്‍ വിവിധ തലങ്ങളില്‍ ആറുകോടി രൂപയുടെ വികസനം വാര്‍ഡില്‍ നടത്താന്‍ നസീമക്കു കഴിഞ്ഞു. അതിന്റെ തുടര്‍ച്ച പൂര്‍ത്തിയാക്കാനും ബംബ്രാണ വാര്‍ഡിനെ വികസന പാതയിലെ കുമ്പളയുടെ പൊന്‍മുത്താക്കാനുമുള്ള ശ്രമങ്ങളാണ് ഖാലിദ് ലക്ഷ്യമാക്കുന്നത്.
കുമ്പള പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന മറ്റൊരു വാര്‍ഡാണ് 18-ാം വാര്‍ഡ് റെയില്‍വെ സ്റ്റേഷന്‍ വാര്‍ഡ്. ഇവിടെ പ്രധാന മത്സരം എസ് ഡി പി ഐയും മുസ്ലീംലീഗും കോണ്‍ഗ്രസ് റിബലും തമ്മിലാണ്. സി പി എം ഇവിടെ കോണ്‍ഗ്രസ് റിബലിനു പിന്നില്‍ സംഘം ചേര്‍ന്നിട്ടുണ്ടെന്നു പറയുന്നു. പോരാത്തതിനു നിഷ്പക്ഷവോട്ടും കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി സെമീറ റിയാസ് കണക്കു കൂട്ടുന്നു. അതേസമയം യു ഡി എഫില്‍ അസംതൃപ്തരായ യഥാര്‍ത്ഥ യു ഡി എഫ് പ്രവര്‍ത്തകര്‍ എന്നും ഉറച്ച നിലപാടു പ്രകടിപ്പിക്കുന്ന എസ് ഡി പി ഐയെ പിന്തുണക്കുമെന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫഹിമ നൗഷാദിന് ഉറപ്പുണ്ട്. എന്നാല്‍ വാര്‍ഡ് ലീഗിന്റെ സ്വന്തം വാര്‍ഡാണെന്നും സ്ഥാനാര്‍ത്ഥി ഹിനാസ് പവാസ് പറയുന്നു ആ വാര്‍ഡ് താനങ്ങ് എടുക്കുകയാണ് -അവര്‍ ഉറപ്പിച്ചു പറയുന്നു. ശക്തമായ ത്രികോണ മത്സരവും മത്സരത്തില്‍ മൂന്നു പേരും വിജയം ഉറപ്പാക്കുകയും ചെയ്യുന്നു എന്ന സവിശേഷതയാണ് ഈ വാര്‍ഡിന്.







