കണ്ണൂര്‍: നടിയെ അക്രമിച്ച കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. പൊതുസമൂഹം എല്ലാ ഘട്ടത്തിലും അതിജീവിതക്ക് ഒപ്പമായിരുന്നു. സര്‍ക്കാരിന്റെ നയവും അതുതന്നെയാണ്. നല്ല നിലയിലുള്ള അന്വേഷണമാണ് കേസില്‍ നടന്നത്. പ്രോസിക്യൂഷനും നല്ല രീതിയിലാണ് കേസ് കൈകാര്യം ചെയ്തത്. പൊതുസമൂഹത്തിനും നിയമകേന്ദ്രങ്ങള്‍ക്കും ഒക്കെ നല്ല അഭിപ്രായമാണ് ഉള്ളത്. ഇപ്പോള്‍ കേസ് വിധി വന്നു. അതിന്റെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ നിയമപരമായ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.
ദിലീപിനെ പിന്തുണച്ച യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ നിലപാട് വിചിത്രമാണ്. നാടിന്റെ പൊതുവായ വികാരത്തിന് എതിരാണത്. എന്തുകൊണ്ടാണ് ധൃതിപിടിച്ച് ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയതെന്ന് മനസിലാകുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു .
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പി.ടി.കുഞ്ഞിമുഹമ്മദിന് എതിരേ പരാതി ലഭിച്ചയുടന്‍ പൊലീസിന് കൈമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇമെയിലായാണ് പരാതി ലഭിച്ചത്. അത് വെച്ചുതാമസിപ്പിക്കാതെ ഉടന്‍ തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ഇത്തരം കാര്യങ്ങളിലൊന്നും സര്‍ക്കാരിന് ഒളിച്ചുകളി ഇല്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
തദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്‍.ഡി.എഫ് കൂടുതല്‍ കരുത്താര്‍ജിക്കും. യു.ഡി.എഫില്‍ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്കുണ്ടാകും. ജമാഅത്ത് ഇസ്ലാമിയുമായുള്ള യു.ഡി.എഫ് ബന്ധത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.







