തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും ഈ ജില്ലകളിലെ തിരഞ്ഞെടുപ്പു പ്രചരണം വൈകിട്ട് സമാപിക്കും. നിയമസഭാതിരഞ്ഞെടുപ്പിനെയും വെല്ലുന്ന കൊട്ടിക്കലാശം കൊണ്ടു വാരസുകൾ ആവേശം നിറഞ്ഞുനിൽക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പെരുമാറ്റചട്ടവും ക്രമസമാധാനവും പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വൈകിട്ട് ആറുമണി മുതല്‍ പരസ്യ പ്രചാരണം അവസാനിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴുജില്ലകളിൽ കലാശക്കൊട്ട് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്ന ഏഴു ജില്ലകളിൽ രാവിലെ 6ന് പോളിംഗ് സ്റ്റേഷനുകളില്‍ മോക്ക് പോള്‍ നടക്കും. 7ന് വോട്ടെടുപ്പ് ആരംഭിക്കും. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ നടക്കും. ആകെ 33746 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കായി 28127 വും, മുനിസിപ്പാലിറ്റികള്‍ക്ക് 3604 വും , കോര്‍പ്പറേഷനുകള്‍ക്ക് 2015 വും പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ക്രമസമാധാനപാലനത്തിന് 70,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ ഗ്രാഫര്‍മാരും വെബ്കാസ്റ്റിങ് സംവിധാനവുമുണ്ട്.
പഞ്ചായത്ത് തലത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്ന് വോട്ടും നഗരസഭയില്‍ ഒരു വോട്ടും ചെയ്യാം.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റല്‍ ബാലറ്റും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ പോസ്‌റ്റോഫീസുകള്‍ ആറുമണിവരെ, തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.







