കാസര്‍കോട്: കുമ്പളയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ബാനറുകളും, പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കുമ്പള ഗ്രാമപഞ്ചായത്ത് റെയില്‍വേ സ്റ്റേഷന്‍ പതിനെട്ടാം വാര്‍ഡില്‍
മത്സരിക്കുന്ന സമീറാ റിയാസിന്റെ ഭര്‍ത്താവ് റിയാസ് കരീം ആണ് പൊലീസില്‍ പരാതി നല്‍കിയത്. സ്വകാര്യ വ്യക്തികളുടെ മതിലുകളില്‍ അവരുടെ സമ്മതത്തോടെ സ്ഥാപിച്ച ബാനറുകളും, പോസ്റ്ററുകളുമാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കുന്നത്. ഇത് ജനാധിപത്യ രീതിയിലും, ചിട്ടയോടെയും, സുതാര്യവുമായും വാര്‍ഡില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതില്‍ തടസ്സമാവുന്നുവെന്ന് കാണിച്ചാണ് കരീം കുമ്പള പൊലീസില്‍ പരാതി നല്‍കിയത്. കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു റിയാസ് കരീം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ഉടക്കി ഭാര്യ സമീറാ-റിയാസിനെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരരംഗത്തിറക്കുകയായിരുന്നു.
യുഡിഎഫിനെതിരെ മത്സരരംഗത്ത് ഉറച്ചു നിന്നതിനാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് റിയാസ് കരീമിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ഇനി നാല് ദിവസം മാത്രം അവശേഷിക്കെ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിര്‍ണായക ശക്തിയായി എസ്ഡിപിഐയും, ബിജെപിയും വാര്‍ഡില്‍ സജീവമായി രംഗത്തുണ്ട്.







