കാസര്‍കോട്: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനു ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലെങ്കില്‍ ഇ ഡി അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു.
കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ‘തദ്ദേശകം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസിനു അന്താരാഷ്ട്ര വിഗ്രഹ മോഷണ സംഘവുമായി ബന്ധം ഉണ്ടെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇ ഡി അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല- അദ്ദേഹം പറഞ്ഞു.
പത്മകുമാറിനെ സംസ്ഥാന സര്‍ക്കാരും സി പി എമ്മും സംരക്ഷിക്കുന്നത് എന്തിനാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്? ക്ഷേത്രങ്ങളുടെ പണം സി പി എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് എന്തിനാണ്?- എം ടി രമേശ് ചോദിച്ചു. ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനിയും സംബന്ധിച്ചു.







