കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ആദ്യമായി ആരോപണം ഉന്നയിച്ച നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന് വധഭീഷണിയെന്ന് പരാതി. റിനിയുടെ പരവൂരിലെ വീടിന് മുന്നിലെത്തിയാണ് വധ ഭീഷണി മുഴക്കിയത്. ശനിയാഴ്ച രാവിലെ പറവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി റിനി പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള കമന്റുകളിലും മെസേജുകളിലും നേരത്തെ ഭീഷണിയുണ്ടായിരുന്നുവെങ്കിലും ഇത് ആദ്യമായാണ് വീടിനു മുന്നിലെത്തി നേരിട്ട് ഭീഷണിയുണ്ടാകുന്നതെന്ന് റിനി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ഭീഷണി സംബന്ധിച്ച് സൈബര്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ നേരിട്ട് ഭീഷണി മുഴക്കിയിരിക്കുകയാണ്. എന്നാല്‍ ഇതുകണ്ട് താന്‍ ഭയക്കുന്നില്ലെന്നും ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്നും റിനി പറഞ്ഞു.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടാല്‍ കൊന്നു തള്ളും’ എന്നായിരുന്നു വീടിനു മുന്നിലെത്തി രണ്ടു പേര്‍ ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ഒരാള്‍ വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാന്‍ ശ്രമിച്ചിരുന്നു. ശബ്ദം കേട്ട് ഇറങ്ങി വന്നപ്പോള്‍ അയാള്‍ സ്‌കൂട്ടറുമെടുത്ത് സ്ഥലം വിട്ടു. എന്നാല്‍ അത് കാര്യമാക്കിയില്ല, പിന്നീട് 10 മണിയോടെ മറ്റൊരാള്‍ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്നും റിനി പറഞ്ഞു. ഭീഷണിക്കൊപ്പം കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. പിന്നാലെ അയാള്‍ ബൈക്കുമായി പോയി. ഹെല്‍മെറ്റ് വച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാനായില്ല’ എന്നും റിനിയുടെ പരാതിയില്‍ പറഞ്ഞു. അതേസമയം ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ രാഹുലിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 10-ാം ദിവസവും പൊലീസ് തിരച്ചില്‍ തുടരുകയാണ്. അറസ്റ്റ് ഒഴിവാക്കാന്‍ രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഇന്ന് ഉത്തരവിട്ടിരുന്നു. രാഹുല്‍ കര്‍ണാടകയിലാണെന്നാണ് പൊലീസിന്റെ ബലമായ വിശ്വാസം.







