കോയമ്പത്തൂർ: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വീടിനു മുന്നിൽ കളിച്ചു കൊണ്ടുനിന്ന കുട്ടിയെയാണ് പുലി പിടികൂടിയത്. അസം സ്വദേശി റോജാവാലിയുടെയും സാജിത ബീഗത്തിന്റെയും മകൻ സൈഫുൾ അലാം ആണ് കൊല്ലപ്പെട്ടത്. അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോയിലതോട്ടത്തിൽ നിന്നു മൃതദേഹം കണ്ടെടുത്തത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. പുലി തന്നെയാണ് ആക്രമിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. വാൽപ്പാറ താലൂക്ക് ആശുപത്രിയിലേയ്ക്ക് കുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്. 3 കുട്ടികളാണ് ദമ്പതികൾക്ക്. ഇവിടെ 8 മാസത്തിനിടെ പുലി കൊന്നത് മൂന്നു കുട്ടികളെയാണ്.







