മസ്കറ്റ്: ഒമാനിലെ തോട്ടിൽ വീണ് കാസർകോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മണിയംപാറ സ്വദേശി ആഷിഖ് (21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാദിഷാബിലെ തോട്ടിൽ കുളിക്കുമ്പോഴായിരുന്നു അപകടം. അവധി ദിനം ആയതിനാൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. മുകളിൽ നിന്ന് തോട്ടിലേക്ക് ചാടുന്നതിനിടെ കല്ലിൽ തലയിടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഏഴുമാസം മുമ്പാണ് സൂപ്പർ മാർക്കറ്റിലെ ജോലിക്കായി ആഷിഖ് ഒമാനിൽ എത്തിയത്. നാലുവർഷം മുമ്പ് മാതാവ് സുബൈദ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഷാഹുൽഹമീദാണ് പിതാവ്. അനിക്ക, അൻഷി എന്നിവർ സഹോദരങ്ങളാണ്. ആഷിഖിന്റെ അപ്രതീക്ഷിത വിയോഗം ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി.







