കാസര്‍കോട്: പോക്‌സോ കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി കോടതി, പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടു. നെക്രാജെ, കൊറക്കാന, ശിരോനിലയത്തിലെ അശ്വത്ത് (19) ആണ് രക്ഷപ്പെട്ടത്. ഇയാളെ രണ്ടു മണിക്കൂറിനു ശേഷം ആനബാഗിലുവിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി അറസ്റ്റു ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാല്‍ മണിയോടെയാണ് സംഭവം. കാസര്‍കോട് ടൗണ്‍പൊലീസ് സ്റ്റേഷനിലെ 1245-ാം നമ്പര്‍ പോക്‌സോ കേസിലെ പ്രതിയാണ് അശ്വത്ത്. ഇയാളെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യാണ് വിശദമായ അന്വേഷണത്തിനായി ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. കോടതിയില്‍ നിന്ന് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം പ്രതിയെ ലോക്കപ്പിലേയ്ക്ക് മാറ്റി. തുടര്‍ന്ന് സ്റ്റേഷന് പുറത്തുള്ള ഇന്‍വെസ്റ്റിഗേഷന്‍ റൂമിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ എ എസ് ഐയെ കബളിപ്പിച്ചാണ് പ്രതി കടന്നു കളഞ്ഞത്. വിവരമറിഞ്ഞ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കേസെടുക്കുകയും കൂടുതല്‍ പൊലീസ,് സംഘം തിരിഞ്ഞ് തെരച്ചില്‍ നടത്തുന്നതിനിടയില്‍ വൈകുന്നേരം നാലുമണിയോടെയാണ് അശ്വത്തിനെ ആനബാഗിലുവിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി അറസ്റ്റു ചെയ്തത്.







