കൽപ്പറ്റ: കൽപ്പറ്റയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡ് സ്ഥാനാർത്ഥി കെ ചിത്രയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. പതിനഞ്ചോളം കിറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് പിടിച്ചെടുത്തു. വീടിനകത്തും കിറ്റുകളുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് വീട്ടിലെ മുറികളിലും പരിശോധന നടത്തി. കിറ്റുകൾ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന കിറ്റ് ആണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍, വീട്ടിലെ ആവശ്യത്തിന് കൊണ്ടുവന്നതാണെന്നാണ് സ്ഥാനാർത്ഥി മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് ദിവസം പ്രവർത്തകർക്ക് ഭക്ഷണം വെച്ച് നൽകാൻ കൊണ്ടുവന്നതാണ് ഭക്ഷ്യക്കിറ്റുകൾ എന്ന് ചിത്രയുടെ ഭർത്താവ് കെ കെ ശശികുമാർ പറഞ്ഞു. യുഡിഎഫ് പരാജയ ഭീതിയിലാണെന്നും പണം ഉപയോഗിച്ച് അട്ടിമറിക്കുകയെന്ന രീതിയിലാണ് വ്യാപകമായി അവർ പ്രവർത്തിച്ചുവരുന്നതെന്ന് സിപിഎം ആരോപിച്ചു.
കിറ്റുകൾ പലയിടത്തുവെച്ച് വിതരണം ചെയ്യുന്നുണ്ടെന്നും യുഡിഎഫിന്റെ പല നേതാക്കളുടെയും കടകളിൽ കിറ്റുകൾ ശേഖരിച്ചുവെക്കുന്നുണ്ടെന്നും സിപിഎം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ വാഹനത്തിൽ നിന്നാണ് കിറ്റ് പിടിച്ചെടുത്തതെന്നാണ് ആരോപണം.







